തട്ടിപ്പ് ഫോണ്‍ വിളികളും, സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാം, ‘ചക്ഷു പോര്‍ട്ടല്‍’ എങ്ങനെ ഉപയോഗിക്കാം

Share our post

സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടുന്നതിനായി വിവിധ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചുവരുന്നുണ്ട്. ഇപ്പോഴിതാ തട്ടിപ്പുകാരുടെ ഫോണ്‍ വിളികളും സന്ദേശങ്ങളും മറ്റ് സൈബര്‍ തട്ടിപ്പുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ‘ചക്ഷു പോര്‍ട്ടല്‍’ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സഞ്ചാര്‍ സാഥി സംരംഭത്തിന്റെ ഭാഗമായാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ സഞ്ചാര്‍ സാഥി പോര്‍ട്ടലിലാണ് ചക്ഷു, ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം എന്നിവ അവതരിപ്പിച്ചിരിക്കുന്നത്.

എന്താണ് ചക്ഷു പോര്‍ട്ടല്‍ ?

ബാങ്ക് അക്കൗണ്ടുകള്‍, വാലറ്റുകള്‍, സിം കാര്‍ഡുകള്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള വിവിധങ്ങളായുള്ള തട്ടിപ്പുകാരുടെ ഫോണ്‍ വിളികളും സന്ദേശങ്ങളും പരാതിപ്പെടുന്നതിനുള്ള സംവിധാനമാണ് ചക്ഷു പോര്‍ട്ടല്‍.

തട്ടിപ്പുകള്‍ പരാതിപ്പെടാന്‍ ചക്ഷു പോര്‍ട്ടല്‍ എങ്ങനെ ഉപയോഗിക്കാം?

  • sancharsaathi.gov.in എന്ന യു.ആര്‍.എല്‍ സന്ദര്‍ശിച്ച് ‘സഞ്ചാര്‍ സാഥി’ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക
  • ‘സിറ്റിസന്‍ സെന്‍ട്രിക് സര്‍വീസസ്’ എന്നതിന് താഴെയുള്ള ‘ചക്ഷു’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • ‘ചക്ഷു’ സേവനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം, ‘കണ്ടിന്യൂ’ ക്ലിക്ക് ചെയ്യുക.
  • സംശയാസ്പദമായ ഫോണ്‍വിളിയുടേയും സന്ദേശങ്ങളുടേയും മീഡിയം, വിഭാഗം, സമയം എന്നിവ പോലുള്ള വിശദാംശങ്ങള്‍ ഉള്‍പ്പടെ നല്‍കി ഫോം പൂരിപ്പിക്കുക.
  • വ്യക്തിഗത വിശദാംശങ്ങള്‍ ചേര്‍ക്കുക, ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്തതിന് ശേഷം, പരാതി സമര്‍പ്പിക്കുക.

 

ചക്ഷു പോര്‍ട്ടലില്‍ എന്തെല്ലാം സാധിക്കും?
  • ഉപഭോക്താവിന് സ്വന്തം പേരിലുള്ള അനധികൃത കണക്ഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യാം
  • മോഷ്ടിക്കപ്പെട്ടതോ/നഷ്ടപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യുന്നതിനും കണ്ടെത്തുന്നതിനും വേണ്ടി റിപ്പോര്‍ട്ട് ചെയ്യാം
  • പുതിയതോ, ഉപയോഗിച്ചതോ ആയ മൈബൈല്‍ ഹാന്റ്‌സെറ്റുകളുടെ ആധികാരികത പരിശോധിക്കാം.
  • അന്തര്‍ദേശീയ കോളുകള്‍ ഇന്ത്യന്‍ ടെലിഫോണ്‍ നമ്പറുകളായി കോളര്‍ ഐഡിയില്‍ കാണുന്നുവെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാം.
  • ലൈസന്‍സുള്ള വയര്‍ലൈന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ വിശദാംശങ്ങള്‍ പരിശോധിക്കാം.

 

ഇതോടൊപ്പം ടെലികോം വകുപ്പ് അവതരിപ്പിച്ച ഡിഐപി സംവിധാനം ഉപയോഗിച്ച് നിയമ നിര്‍വഹണ ഏജന്‍സികള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് തട്ടിപ്പുകള്‍ നേരിടുന്നതിനാവശ്യമായ വിവരങ്ങള്‍ നല്‍കാം.

ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നമ്പറുകളും വിവരങ്ങളും വിശദമായ അന്വേഷണത്തിന് വിധേയമാക്കുമെന്നും അവശ്യനടപടികള്‍ സ്വീകരിക്കുമെന്നും ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റിസര്‍വ് ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് തട്ടിപ്പുകള്‍ നേരിടുന്നതിനുള്ള ദൗത്യം സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഫണ്ടുകള്‍ തിരിച്ചുപിടിക്കുക, അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുക തുടങ്ങിയ നടപടികള്‍ കുറ്റവാളികള്‍ക്കെതിരെയുണ്ടാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!