സിദ്ധാര്‍ഥന്റെ മരണം; അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി

Share our post

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ശനിയാഴ്ച മുഖ്യമന്ത്രിയെ കണ്ടിരുന്നു.

സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ ലോക്കല്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഈ അന്വേഷണത്തില്‍ കുടുംബം തൃപ്തരായിരുന്നില്ല. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

മുഖ്യമന്ത്രിയെ കണ്ട് സിദ്ധാര്‍ഥന് നേരിടേണ്ടി വന്ന ക്രൂരതയെ കുറിച്ച് വിവരിച്ചിരുന്നു. മരിച്ചതല്ല കൊന്നതാണെന്ന് തുറന്നുപറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ നോക്കട്ടെ എന്നല്ല, ഉറപ്പാണ് പറഞ്ഞതെന്നും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

 

‘അസിസ്റ്റന്റ് വാര്‍ഡനേയും ഡീനിനേയും കൊലക്കുറ്റത്തിന് പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. സസ്പെന്‍ഷല്ല, ഇരുവരേയും പുറത്താക്കി സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം. 2019-ന് ശേഷം സര്‍വകലാശാലയില്‍ ഒരുപാട് ആത്മഹത്യകളും അപകടമരണങ്ങളും നടന്നിട്ടുണ്ട്. അവയും അന്വേഷിക്കണം’, അദ്ദേഹം ആവശ്യപ്പെട്ടു.

ട്രെയിനില്‍വെച്ച് സിദ്ധാര്‍ഥനെ വകവരുത്താന്‍ ശ്രമിച്ചോയെന്ന് സംശയമുണ്ട്. ദേവരാഗ് എന്ന പുതിയ പേര് ആന്റി റാഗിങ് സ്‌ക്വോഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. പോലീസ് അന്വേഷണത്തില്‍ അങ്ങനെയൊരു പേരില്ല. സുഹൃത്ത് അക്ഷയ് എന്നയാളെ സാക്ഷിയോ മാപ്പുസാക്ഷിയോ ആക്കരുത്, അവന്‍ പ്രതിയാണെന്നും ജയപ്രകാശ് കൂട്ടിച്ചേര്‍ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!