‘ ചേട്ടനായി പോയി അല്ലെങ്കില്‍ അടികൊടുക്കുമായിരുന്നു’;കെ.മുരളീധരനെതിരെ പത്മജ വേണുഗോപാല്‍

Share our post

തിരുവനന്തപുരം: കെ.മുരളീധരന്റെ വര്‍ക് അറ്റ് ഹോം പരാമര്‍ശത്തിനേതിരേ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

ആരോഗ്യ പ്രശ്‌നമടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിനുവേണ്ടിയാണ്. മൂന്നു നാല് പാര്‍ട്ടി മാറി വന്ന ആളായതുകൊണ്ട് എന്തും പറയാം. കൂടുതല്‍ ഒന്നും പറയുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയില്‍ എത്തുമെന്നും പത്മജ പറഞ്ഞു. ബി.ജെ.പി അംഗത്വമെടുത്ത് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.

എത്രയോ ആളുകള്‍ കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടി വിട്ടുപോയി. അച്ഛന്‍ വരെ പോയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ച നേതാക്കളെ കുറിച്ച് കൃത്യമായി അറിയാം. പക്ഷെ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. സ്വന്തം മണ്ഡലത്തില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കേരളത്തില്‍ നിന്ന് പോയാലോ എന്ന് വരെ ചിന്തിച്ചു. കെ.പി.സി.സി പ്രസിഡന്റിന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞുവെന്നും അവര്‍ പറഞ്ഞു.

കെ.കരുണാകരനെ പോലും ചില നേതാക്കള്‍ അപമാനിച്ചു. നേതൃത്വത്തോട് പറഞ്ഞെങ്കിലും നിസ്സാരമായി എടുക്കുകയായിരുന്നു. തന്റെ അമ്മയെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കും. കെ.കരുണാകരന്റെ മകള്‍ അല്ല എന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുല്‍ ടി.വിയില്‍ ഇരുന്ന് നേതാവായ ആളാണ്.അയാൾ ജയിലില്‍ കിടന്ന കഥയൊക്കെ അറിയാമെന്നും തന്നെകൊണ്ട് പറയിപ്പിക്കരുതെന്നും പത്മജ വ്യക്തമാക്കി.

ഒരു കുടുംബത്തില്‍ നിന്ന് മറ്റ് കുടുംബത്തില്‍ വന്നതുപോലെയുള്ള വ്യത്യാസമെ ഇപ്പോള്‍ ഉള്ളു. കെ.ജി മാരാര്‍ എല്ലാ മാസവും അച്ഛനെ കാണാന്‍ വരുമായിരുന്നു. തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നും അവര്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!