വനപാലകർ താത്‌കാലിക തടയണകൾ നിർമിച്ചു

Share our post

കണ്ണവം : റെയ്ഞ്ചിലെ കണ്ണവം-നിടുംപൊയിൽ സെക്ഷനുകൾക്ക് കീഴിലെ റിസർവ് വനമേഖലകളിൽ താത്കാലിക തടയണകൾ (ബ്രഷ് വുഡ് ചെക്ക് ഡാമുകൾ) നിർമിച്ചു. കടുത്ത വേനൽച്ചൂടിനെത്തുടർന്ന് കാടിനകത്തെ നീരുറവകൾ വരളുന്ന സാഹചര്യത്തിലാണ് വന്യമൃഗങ്ങൾക്കും പക്ഷികൾക്കും മതിയായ ജീവജലം ലഭിക്കാനായി വനപാലകർ ഉണങ്ങിയ തടികളും കല്ലുകളും കൊണ്ട് ഇത്തരം തടയണകൾ നിർമിച്ചത്. ഉയർന്ന അന്തരീക്ഷ താപനിലയും ജല ദൗർലഭ്യവും കാരണം വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാനും ഇവ ഒരുപരിധിവരെ സഹായകമാകും.

രണ്ട് സെക്ഷനുകളിലുമായി നാലോളം തടയണകൾ ഇതിനകം നിർമിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ അനുയോജ്യമായ മറ്റു നീർച്ചാലുകളിലും ഈ പദ്ധതിയുമായി വനസംരക്ഷണ ജീവനക്കാർ മുന്നോട്ടുപോകുമെന്ന് കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ പറഞ്ഞു. പ്രവർത്തനങ്ങൾക്ക് കണ്ണവം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ ചെന്നപൊയിൽ, നിടുംപൊയിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!