കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്; തൃശൂരിൽ കെ.മുരളീധരൻ

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്. തൃശൂരിൽ കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയാവും. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിക്കും. വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർത്ഥിയാകും.
പത്മജ വേണുഗോപാൽ ബി.ജെ.പി.യിൽ പോയ സാഹചര്യത്തിൽ തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ കെ. മുരളീധരൻ സന്നദ്ധനായി എന്നാണ് അറിയുന്നത് . ഇതോടെ ടി.എൻ. പ്രതാപൻ പിന്മാറി. തൃശൂരിൽ ടി.എൻ. പ്രതാപൻ പ്രചാരണം ആരംഭിച്ചിരുന്നു. വടകരയിൽ ഷാഫി പറമ്പിൽ എത്തുന്നതോടെ മുസ്ലിം പ്രാതിനിധ്യവും കോൺഗ്രസ് ഉറപ്പിച്ചു.
ആലപ്പുഴയിൽ പല പേരുകളും പരിഗണിച്ചെങ്കിലും കെ.സി. വേണുഗോപാൽ മത്സരിക്കണം എന്ന ആവശ്യത്തിൽ സംസ്ഥാന നേതാക്കൾ ഉറച്ചു നിന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ. സുധാകരനും സ്ഥാനാർത്ഥികളാകും. കാസർകോട്- രാജ്മോഹൻ ഉണ്ണിത്താൻ, കോഴിക്കോട് എം.കെ. രാഘവൻ, പാലക്കാട് വി.കെ. ശ്രീകണ്ഠൻ, ആലത്തൂർ രമ്യ ഹരിദാസ്, ചാലക്കുടി ബെന്നി ബഹനാൻ, എറണാകുളം ഹൈബി ഈഡൻ, ഇടുക്കി ഡീൻ കുര്യാക്കോസ്, മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്, പത്തനംതിട്ട ആന്റോ ആൻറണി, ആറ്റിങ്ങൾ അടൂർ പ്രകാശ്, തിരുവനന്തപുരം ശശി തരൂർ എന്നിവർ മത്സരിക്കും. കേരളം, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കുക