മുരളീധരന് കനത്ത മറുപടിനൽകാത്തത്, പിന്നീട് ‘മുരളിജി’ എന്ന് വിളിക്കേണ്ടിവന്നാലോ എന്നുകരുതി- ശോഭ

Share our post

ആലപ്പുഴ: കെ. മുരളീധരന് ശക്തമായ രീതിയില്‍ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ, കുറച്ച്‌നാള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ടി വന്നാലോ എന്നുകരുതിയാണ് അങ്ങനെ മറുപടി നൽകാത്തതെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പത്മജാ വേണുഗോപാല്‍ ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ആലപ്പുഴയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രന്‍.

ഇന്ന് ബി.ജെ.പിയെ സംബന്ധിച്ച് കൂടുതല്‍ രാശിയുള്ള ദിവസമാണ്. കാരണം ഡല്‍ഹിയില്‍ ഒരു ചര്‍ച്ച നടക്കാന്‍ പോകുകയാണ്. ഇത് പെട്ടെന്ന് സംഭവിച്ചതല്ല. ഒരു സഹോദരികൂടി ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നുവെന്ന ശുഭവാര്‍ത്ത കേട്ടാണ് താന്‍ ആലപ്പുഴയിലെത്തയിട്ടുള്ളതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയിലേക്ക് കെ.മുരളീധരൻകൂടി കടന്നുവരാന്‍ സാധിക്കുന്ന രീതിയിലുള്ള സാഹചര്യമാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിലനിൽക്കുന്നതെന്നും ശോഭ പറഞ്ഞു.

‘മുരളീധരന്റെ അച്ഛന്‍ ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ താത്പര്യമില്ലാതെ മറ്റൊരു പാര്‍ട്ടി രൂപീകരിച്ച മുരളീധരന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പറഞ്ഞത്, എനിക്ക് എന്റെ അച്ഛനാണെന്ന് പറയാന്‍ പോലും ലജ്ജ തോന്നുന്നുവെന്നാണ്. ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛന്റെ പേര് മുരളീധരന്‍ വിലകുറച്ച് കാണിച്ച ഏറെ സംഭവങ്ങളുണ്ടായിട്ടുണ്ട്’, ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയില്‍ പ്രചാരണത്തിനെത്താന്‍ വൈകിയത് വിശ്വാസപ്രകാരമുള്ള നല്ല സമയം നോക്കിയതുകൊണ്ടാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയില്‍ ചേരാനിരിക്കുന്ന പത്മജ വേണുഗോപാലിനെ സഹോദരന്‍ കൂടിയായ കെ.മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!