ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ മലിനീകരണത്തിന് കാരണമാകും; പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദം എന്ന നിലയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന കാലമാണിത്. വായു മലിനീകരണം കുറക്കുന്നതിന് സര്‍ക്കാരുകളും ഇലക്ട്രിക് വാഹനങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആദ്യം ഡീസല്‍ കാറുകളെ ഒഴിവാക്കിയ ശേഷം ഭാവിയില്‍ പെട്രോള്‍ വാഹനങ്ങളെയും നിരത്തില്‍ നിന്ന് മാറ്റുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിച്ച് വരുന്നത്. അതിനിടെ ഇലക്ട്രിക് വാഹനങ്ങള്‍ വായുമലിനീകരണം കുറയ്ക്കുമെന്ന ഡാറ്റയെ വെല്ലുവിളിച്ച് രംഗത്തു വന്നിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ട്.
വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ‘എമിഷൻ അനലിറ്റിക്സ്‘ പഠന റിപ്പോര്‍ട്ട് ഇലക്ട്രിക് വാഹനങ്ങള്‍ പുറന്തള്ളുന്ന മലിനീകരണ കണികകളെ കുറിച്ചാണ് വിശദീകരിച്ചിരിക്കുന്നത്. മലിനീകരണ ഡാറ്റ വിശകലനം ചെയ്യുന്ന സ്ഥാപനമാണ് എമിഷൻ അനലിറ്റിക്സ്. പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകളുടെ ബ്രേക്കില്‍ നിന്നും ടയറില്‍ നിന്നും കൂടുതല്‍ മലിനീകരണ കണികകള്‍ പുറന്തള്ളപ്പെടുന്നുണ്ട് എന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പെട്രോള്‍ കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഭാരം കൂടുതലാണ് എന്നതാണ് ഇതിന് കാരണമായി പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. പുതിയ പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് കാറിന്റെ ബ്രേക്കില്‍ നിന്നും ടയറില്‍ നിന്നും പുറന്തള്ളുന്ന മലിനീകരണ കണികകള്‍ 1850 മടങ്ങ് കൂടുതലാണെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ ഭാരമുള്ളതിനാല്‍ ടയറുകള്‍ക്ക് വേഗത്തില്‍ തേയ്മാനം സംഭവിക്കും. ഇതുമൂലം കൂടുതല്‍ രാസവസ്തുക്കള്‍ വായുവിലേക്ക് പുറന്തള്ളാന്‍ കാരണമാകും. ടയറുകളില്‍ ഭൂരിഭാഗവും അസംസ്‌കൃത എണ്ണയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കൃത്രിമ റബര്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
വാഹനത്തിന്റെ ഭാരം പോലെ തന്നെ പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകളുടെ ബാറ്ററിയുടെ ഭാരവും കൂടുതലാണ്. ഇതും ബ്രേക്കിനും ടയറുകള്‍ക്കും എളുപ്പം തേയ്മാന്‍ സംഭവിക്കാന്‍ ഇടയാക്കും. ടെസ്ല മോഡല്‍ വൈ കാറും ഫോര്‍ഡ് എഫ്-150 ലൈറ്റ്‌നിങ്ങും തമ്മിലുള്ള താരതമ്യം ഉദാഹരണമായി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.