കത്തുന്ന വേനലിലും ഡെങ്കി വ്യാപിക്കുന്നു; ചെടിച്ചട്ടികളെയും സൂക്ഷിക്കണം

Share our post

കണ്ണൂർ: കത്തുന്ന വേനൽക്കാലത്തും സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു. കൊതുക് പരത്തുന്ന പനി സാധാരണ മഴക്കാലത്താണ് വന്നിരുന്നത്. ഈവർഷം 3099  പേരിൽ ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയിക്കുന്ന 6849 കേസുകളുമുണ്ട്. ആറുപേർ ഇതിനകം മരിച്ചു.

2023-ൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേരളത്തിലായിരുന്നു. ഡെങ്കിപ്പനി രണ്ടാമതും വന്നാൽ ഗുരുതരാവസ്ഥയുണ്ടാകാമെന്നത് വലിയ ആശങ്കയായി മാറുകയാണ്. ഡെങ്കിപ്പനി സ്ഥിരമായി നിലനിൽക്കുന്ന പ്രദേശമെന്നത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകും.

ലക്ഷണങ്ങൾ

ശക്തമായ പനി, തലവേദന, കണ്ണിനു പിറകിൽ വേദന, പേശി, സന്ധിവേദന, ചർമത്തിൽ പാടുകൾ.

രണ്ടാമതും വന്നാൽ

ഡെങ്കി വൈറസ് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ നാലു സീറോ ടൈപ്പിൽപ്പെട്ടതുണ്ട്. നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസ്സിൽപ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോൾ തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാകും. ആന്തരിക രക്തസ്രാവമുണ്ടായി ഡെങ്ക് ഹെമറേജിക് ഫിവർ വരാം. അത് മരണത്തിന് കാരണമാകാം. ഡെങ്കിഷോക്ക് സിൻഡ്രോം ആണ് മറ്റൊരു അപകടാവസ്ഥ. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്ലറ്റുകളുടെ എണ്ണം ഡെങ്കിപ്പനി ബാധിച്ചവരിൽ കുറയുന്നതാണ് ആന്തരിക രക്തസ്രാവത്തിന് വഴിയൊരുക്കുന്നത്.

ചെടിച്ചട്ടികളെ സൂക്ഷിക്കുക

കൊതുക് വളരാതിരിക്കാൻ ശ്രദ്ധിക്കുകയെന്നതാണ് പ്രതിരോധ മാർഗം. കൊതുക് മുട്ടയിടാതിരിക്കാൻ ജലസംഭരണികളും പാത്രങ്ങളും അടച്ചു സൂക്ഷിക്കണം. ആഴ്‌ചയിൽ ഒരു ദിവസം കഴുകി വൃത്തിയാക്കണം. ചെടിച്ചട്ടികളിലും ഫ്രിഡ്‌ജ്, കൂളറുകൾ എന്നിവയുടെ ട്രേകളിലും തങ്ങി നിൽക്കുന്ന വെള്ളം ഒഴിവാക്കുക. എ.സി.യിൽനിന്നുള്ള വെള്ളം കെട്ടി നിൽക്കാതെ നോക്കുക.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!