അപൂര്‍വരോഗവുമായി ജനനം, പരിഹാസവും കണ്ണീരും; ഇന്ന് ലക്ഷദ്വീപിന്റെ തിരഞ്ഞെടുപ്പ് ഐക്കണ്‍

കോഴിക്കോട്: മലപ്പുറത്ത് കഴിഞ്ഞദിവസംനടന്ന വ്‌ളോഗേഴ്‌സ് മീറ്റില്‍ ഒരു പന്തയം നടക്കുകയാണ്. നല്ല വസ്ത്രങ്ങളണിഞ്ഞ് മേക്കപ്പിട്ട് ഒരുങ്ങിയിരിക്കുന്ന വ്‌ളോഗര്‍മാരെ ചിരിയോടെ വെല്ലുവിളിച്ചുകൊണ്ട് ലക്ഷദ്വീപില്‍നിന്നുള്ള ഉമ്മര്‍ ഫാറൂഖ് പറഞ്ഞു: ”അല്പസമയത്തിനകം ഡോക്ടര്‍മാരുള്‍പ്പെടെ വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ എത്തും. നിങ്ങളെത്ര ഒരുങ്ങിയിട്ടും കാര്യമില്ല, വരുന്നവര്‍ മുഴുവന്‍ നോക്കുക എന്നെയായിരിക്കും, ഉറപ്പ്”.
എന്നാല്‍ കാണാമെന്നായി വ്‌ളോഗര്‍മാരും. ഉമ്മര്‍ ഫാറൂഖ് പറഞ്ഞതുതന്നെ സംഭവിച്ചു. വന്നവരെല്ലാം ശ്രദ്ധിച്ചത് ഫാറൂഖിനെ. മിക്കവരും പരിചയപ്പെടാനുമെത്തി.
മുഖത്തിന്റെ പ്രത്യേകതകള്‍ കാരണമുണ്ടായ സങ്കടങ്ങളില്‍ ചിരിനിറച്ച കഥപറയുന്നു ഉമ്മര്‍. എന്തിനിങ്ങനെയൊരു ജീവിതമെന്ന് ചിന്തിച്ചിടത്തുനിന്ന്, കേന്ദ്രസര്‍ക്കാരിന്റെ ഹെലന്‍കെല്ലര്‍ അവാര്‍ഡ് ജേതാവിലേക്കും വോട്ട് ചെയ്യാന്‍ പ്രചോദനം നല്‍കുന്നതിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലക്ഷദ്വീപിന്റെ തിരഞ്ഞെടുപ്പ് ഐക്കണ്‍ പദവിയിലേക്കും എത്തിയ പോരാട്ടത്തിന്റെ കഥകൂടിയാണത്.
ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ താമസിക്കുന്ന കിടാവിന്റെയും സുഹറാബിയുടെയും അഞ്ചാമത്തെ മകനാണ് ഈ നാല്പതുകാരന്‍. മുഖത്തെയും തലയോട്ടിലെയും എല്ലുകള്‍ അമിതമായി വളരുന്ന ‘ലിയോന്റിയാസിസ് ഒസ്സിയ’ എന്ന അപൂര്‍വ രോഗവുമായാണ് പിറന്നത്. ലോകത്തില്‍ത്തന്നെ വിരലിലെണ്ണാവുന്നവര്‍ക്കുമാത്രം വരുന്ന അസുഖം. മൂന്നുവയസ്സായപ്പോഴേക്കും ഉമ്മ മരിച്ചു. ഒമ്പതാം വയസ്സിലാണ് സ്‌കൂളില്‍ പോയിത്തുടങ്ങിയതുതന്നെ. കൂട്ടുകാരുടെ കളിയാക്കലുകള്‍ കാരണം പഠനം പലപ്പോഴും കണ്ണീരില്‍മുങ്ങി, പഠനത്തിലും പിന്നാക്കംപോയി.
എന്നാല്‍, വീട്ടില്‍ ബാപ്പയും ജ്യേഷ്ഠന്മാരുമെല്ലാം പിന്തുണനല്‍കി. അങ്ങനെ കോഴിക്കോട് മര്‍ക്കസില്‍ പഠിക്കാനെത്തി. കളിയാക്കലും പരിഹാസവുമെല്ലാം അവിടെയുമുണ്ടായെങ്കിലും എന്തിനും കട്ട സപ്പോര്‍ട്ടായി നില്‍ക്കുന്ന അധ്യാപകരെയും കുറച്ചു കൂട്ടുകാരെയും കിട്ടി. ഒരുദിവസം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരെ കണ്ടു. ”നീ ചിരിക്കുന്ന കാലംവരും, അന്ന് നിന്നെ വേദനിപ്പിച്ചവര്‍ കരയേണ്ടിവരും” -അദ്ദേഹത്തിന്റെ വാക്കുകള്‍ മുന്നോട്ടുപോവാന്‍ കരുത്തുപകര്‍ന്നു.
പി.എസ്.എം.ഒ. കോളേജില്‍ എം.കോം പൂര്‍ത്തിയാക്കി. 2010-ല്‍ കവരത്തി ഗവ. സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രേറിയനായി. മോട്ടിവേഷന്‍ സ്പീക്കറായി പലയിടങ്ങളിലും സഞ്ചരിക്കാനും തുടങ്ങി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 2011-ല്‍ ലക്ഷദ്വീപ് ഡിഫറന്റ്ലി ഏബിള്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആരംഭിച്ചു. സെന്റര്‍ ഫോര്‍ കെയര്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (ചക്കര) എന്നപേരില്‍ സ്‌കൂളും ആരംഭിച്ചു.
ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സ്‌പെഷ്യല്‍ എജുക്കേറ്ററായ റമീസ ഇര്‍ഷിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. മകള്‍: അഞ്ചരവയസ്സുകാരിയായ ലാമിയ.