പച്ചമലയാളം അടിസ്ഥാന കോഴ്‌സിന് മാർച്ച് 31വരെ അപേക്ഷിക്കാം

കണ്ണൂർ: കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 31വരെ രജിസ്റ്റർ ചെയ്യാം.
നിലവിലുണ്ടായിരുന്ന നാല് മാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ട് ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ പരിഷ്‌കരിച്ചാണ് പുതിയ കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചത്. പച്ചമലയാളം അടിസ്ഥാന കോഴ്‌സ്, പച്ചമലയാളം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ ഒരു വർഷം ദൈർഘ്യമുള്ള രണ്ട് കോഴ്‌സായി പരിഷ്‌കരിച്ചു.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ് കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ആണ് പച്ചമലയാളം.
ആറ് മാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാൻസ് കോഴ്സ്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാപഠന ശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ച മലയാളം കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്.
സർക്കാർ ജീവനക്കാർക്ക് പത്താം ക്ലാസ് മലയാള പഠനം നിർബന്ധമാണ് എന്ന വസ്തുത കണക്കിൽ എടുത്താണ് ഈ കോഴ്സിന്റെ പരിഷ്‌കരണം. 60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്‌സ് ക്ലാസുകൾ.
അടിസ്ഥാന കോഴ്‌സിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ് കോഴ്സിൽ ചേർന്ന് പഠിക്കാം. ആറ് മാസമാണ് അടിസ്ഥാന കോഴസിന്റെ കാലാവധി. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. വിശദ വിവരങ്ങൾക്ക്: literacymissionkerala.org