സിദ്ധാർത്ഥൻ്റെ ദുരൂഹ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി, മുഖ്യമന്ത്രിക്ക് കത്തയച്ചു

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവ്വകലാശാല കാമ്പസിലെ സിദ്ധാർത്ഥന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി രാഹുൽഗാന്ധി എം.പി. കേരളത്തിലെ ക്യാമ്പസിൽ ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നു എന്നത് ഖേദകരമാണ്. തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
കേസ് മൂടി വയ്ക്കാനും പ്രതികളെ സംരക്ഷിക്കാനും സർവകലാശാലയും അധികൃതരും ശ്രമം നടത്തുന്നു. പൊലീസ് റിമാൻഡ് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലും ചില സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിൽ നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള ധാർമികമായ കടമ സർക്കാരിനുള്ളതിനാലാണ് സിദ്ധാർത്ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ രാഹുൽഗാന്ധി എംപി വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 18-നായിരുന്നു ഹോസ്റ്റൽ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപാഠികൾ ചേർന്ന് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എ.ഡി.ജി.പി.ക്ക് പരാതി നൽകിയിരുന്നു. കേസിലെ പ്രതികളെയെല്ലാം പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചപറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡീനിനെയും അസിസ്റ്റൻ്റ് വാർഡനെയും വി.സി സസ്പെൻഡ് ചെയ്തിരുന്നു.