കിഡ്നി സ്റ്റോൺ രോഗികളുടെ എണ്ണത്തിൽ വൻവർധന,ജീവിതശൈലിയും പ്രധാനകാരണം

ശരീരത്തിലെ മാലിന്യം നീക്കുന്ന അരിപ്പകളാണ് വൃക്കകൾ. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നതും ജലാംശത്തിന്റെയും ധാതുലവണങ്ങളുടെയും അളവ് ക്രമീകരിക്കുന്നതും വൃക്കകളാണ്. ഇന്ത്യയിൽ വൃക്കരോഗികളുടെ എണ്ണം വർധിക്കുന്നുവെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനത്തിൽ പറയുന്നത്. വൃക്കരോഗികളുടെ എണ്ണവും വൃക്കരോഗം മൂലം മരണപ്പെടുന്നവരുടെ എണ്ണവും കൂടുന്നുവെന്നും പഠനത്തിൽ പറയുന്നു.
വൃക്കയിൽ കല്ലുള്ള രോഗികളിലും ക്രോണിക് കിഡ്നി രോഗത്തിനുള്ള സാധ്യത കൂടുന്നതായി പഠനത്തിൽ പറയുന്നുണ്ട്. മില്ലേനിയൽസ്(1981-നും 1996-നും ഇടയിൽ ജനിച്ചവർ), ജെൻ സി( 1997-നും 2012-നും ഇടയിൽ ജനിച്ചവർ) വിഭാഗക്കാർക്കിടയിൽ വൃക്കയിൽ കല്ലുള്ളവരുടെ എണ്ണവും കൂടുകയാണെന്നും പഠനം പറയുന്നു.
ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ ഉള്ളവർക്കിടയിൽ വൃക്കരോഗികളുടെ എണ്ണം കൂടുന്നുവെന്നത് കരുതലോടെ സമീപിക്കേണ്ട കാര്യമാണെന്ന് വിദഗ്ധർ പറയുന്നു. വൃക്കയിൽ കല്ലുള്ളവരുടെ എണ്ണം വർധിക്കുന്നതിനു പിന്നിൽ ജനിതകഘടകങ്ങൾക്കൊപ്പം തന്നെ ജീവിതശൈലിയും കാരണമാണെന്നാണ് വിദഗ്ധരുടെ വാദം. മതിയായി വെള്ളം കുടിക്കാതിരിക്കുക, സംസ്കരിച്ച ഭക്ഷണങ്ങൾ ധാരാളമായി ഉപയോഗിക്കുക, ഉദാസീനമായ ജീവിതശൈലി പിന്തുടരുക തുടങ്ങിയവയൊക്കെ വൃക്കരോഗങ്ങൾ വർധിപ്പിക്കാനിടയാക്കുന്ന കാരണങ്ങളാണ്.
ഉപ്പും പഞ്ചസാരയും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗത്തിലും നിയന്ത്രണം വേണം. ഈ ഭക്ഷണപദാർഥങ്ങൾ മൂത്രത്തിലെ ധാതുക്കളിൽ അസന്തുലിതാവസ്ഥയുണ്ടാക്കാം. പകരം പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും ആഹാരരീതിയിൽ ധാരാളമായി ഉൾപ്പെടുത്തണം.
- പ്രമേഹരോഗികള്‍
- അമിതമായ രക്തസമ്മര്‍ദമുള്ളവര്‍
- പാരമ്പര്യമായി വൃക്കരോഗമുള്ള കുടുംബത്തില്‍ ജനിച്ചവര്‍ പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് വൃക്കരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍
- വിട്ടുമാറാത്ത ക്ഷീണം
- ഉന്‍മേഷക്കുറവ്
- തളര്‍ച്ച
- മൂത്രത്തില്‍ നുരയും പതയും കാണുക
- മൂത്രത്തിന് നിറവ്യത്യാസം ഉണ്ടാവുക
- മൂത്രത്തില്‍ രക്തം കാണുക
- കാലുകള്‍ നീരുവന്ന് വീര്‍ക്കുക
- രാത്രിയില്‍ ഉറക്കം കുറയുകയും പകല്‍ ഉറക്കം കൂടുകയും ചെയ്യുക
- വിളര്‍ച്ച
- വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൃക്കരോഗവിദഗ്ധന്റെ സേവനം ഉപയോഗപ്പെടുത്തണം.
വൃക്കരോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍
- പ്രമേഹരോഗികള്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുക.
- രക്തസമ്മര്‍ദം കൂടുതലുള്ളവര്‍ അത് നിയന്ത്രിക്കുക
- പൊണ്ണത്തടി കുറയ്ക്കുക
- ദിവസവും നന്നായി വെള്ളം കുടിക്കുക
- ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക
- പുകവലി ഉപേക്ഷിക്കുക.
- വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുക