കിലോമീറ്ററില്‍ 28 രൂപ വരുമാനമില്ലെങ്കില്‍ ട്രിപ്പ് നിർത്താൻ നിർദേശം

കണ്ണൂർ: ഒരുകിലോമീറ്ററിൽ ശരാശരി 28 രൂപ വരുമാനം കിട്ടുന്നില്ലെങ്കിൽ ട്രിപ്പ് നിർത്താൻ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സിയുടെ നിർദേശം. എല്ലാ യൂണിറ്റ് ഓഫീസുകളിലേക്കും നിർദേശം കൈമാറി.
ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കുറഞ്ഞ കളക്ഷനുള്ള ട്രിപ്പുകൾ നിർത്തലാക്കുന്ന നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണിത്.
കിലോമീറ്ററിൽ 28 രൂപ എങ്കിലും കിട്ടുമെങ്കിൽ ഡീസൽ കാശ് ലാഭിക്കാം എന്നാണ് പുതിയ നിർദേശത്തിന് കാരണമായി അധികൃതർ പറയുന്നത്.
ഇതോടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണക്കാർക്ക് ആശ്രയമായ പല ട്രിപ്പുകളും മുടങ്ങുമെന്ന ആശങ്കയുമുണ്ട്. 10, 12 കിലോ മീറ്ററുകൾ മാത്രം ഓടേണ്ടി വരുന്ന ട്രിപ്പുകളെയാകും നിർദേശം കൂടുതലായും ബാധിക്കുകയെന്ന് ജീവനക്കാർ പറയുന്നു.