ഭക്ഷ്യസാധനങ്ങൾ വീട്ടുപടിക്കലെത്തിക്കും: റെയ്ഡ്കോ റെഡിയാണ്

Share our post

കണ്ണൂർ: കുറഞ്ഞ നിരക്കിൽ ഭക്ഷ്യ ഉത്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതിയുമായി റെയ്ഡ്‌കോ. മായമില്ലാത്തതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങൾ കേരളത്തിലെ എല്ലാ വീടുകളിലും നേരിട്ട് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാവിലായി കറി പൗഡർ ഫാക്ടറി അങ്കണത്തിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എം.വി.ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു. ആദ്യഭക്ഷ്യ കിറ്റ് പെരളശ്ശേരിയിലെ സി കെ.സൗമിനിയാണ് ഏറ്റുവാങ്ങിയത്.

നവീകരിച്ച റെയ്ഡ്‌കോ ഫുഡ് ബസാറിന്റെ ഉദ്ഘാടനവും 15 ഇനം പുതിയ ഉൽപന്നങ്ങളുടെ ലോഞ്ചിംഗും നടന്നു. റെയ്ഡ്‌കോ ചെയർമാൻ എം.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഫ്രൂട്ട് കാനിംഗ് യൂണിറ്റിലെ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് മുൻ എം.എൽ.എ കെ.കെ.നാരായണനും കറി പൗഡർ യൂണിറ്റിലെ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി.ഷീബയും നിർവഹിച്ചു.

കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. എം സുർജിത്ത്, റെയ്ഡ്‌കോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി രതീശൻ, വൈസ് ചെയർമാൻ വി ദിനേശൻ, ഡയറക്ടർ കോമള ലക്ഷ്മണൻ, വിവിധ സംഘടനാ ഭാരവാഹികളായ പി വി ഭാസ്‌കരൻ, കെ വി പ്രജീഷ്, കെ പി വിനോദ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധി എം കെ മുരളി തുടങ്ങിയവർ പങ്കെടുത്തു.

തുടക്കം പെരളശ്ശേരിയിൽ നിന്ന്

പെരളശ്ശേരി ഗ്രാമപഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പിന്നാലെ കണ്ണൂർ ജില്ല മുഴുവനായും സംസ്ഥാനതലത്തിലും പദ്ധതി വ്യാപിപ്പിക്കും.

15 ഉത്പന്നങ്ങൾ ലോഞ്ച് ചെയ്തു

കോക്ടെയ്ൽ പാനീയങ്ങൾ, ഇളനീർ ജ്യൂസ്, റാഗിപ്പൊടി, റാഗി പുട്ടുപൊടി, ഗോതമ്പ് പുട്ടുപൊടി, ചെമ്മീൻ തേങ്ങ ചമ്മന്തിപ്പൊടി, വിവിധതരം അച്ചാർ, കുടംപുളി, വാളൻപുളി, കുരുമുളക്, ബിരിയാണി മസാല, നുറുക്ക് അരി, അരിയട തുടങ്ങി 15 ഉൽപ്പന്നങ്ങളുടെ ലോഞ്ചിംഗാണ് നടന്നത്.

ചാലോട് മെഡിക്കൽ സ്റ്റോർ

ചാലോട് ഇരിക്കൂർ റോഡിൽ റെയ്ഡ്‌കോ സഹകരണ മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം മാർച്ച് ആറിന് വൈകിട്ട് 3.30ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും.ഇവിടെ മരുന്നുകൾക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. അലോപ്പതി, ആയുർവേദം, ഹോമിയോ ക്ലിനിക്കുകളുടെ സേവനവും മരുന്നുകളും ഇവിടെ ലഭ്യമാക്കും. കണ്ണോത്തുംചാൽ യൂണിറ്റിൽ പുതുതായി ആരംഭിക്കുന്ന അഗ്രോ സർവീസ് സെന്ററിന്റെ ഉദ്ഘാടനം മാർച്ച് 11ന് രാവിലെ ഒമ്പതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!