വിടവാങ്ങിയ മകന് വീണ്ടുമൊരു പിറന്നാൾ സമ്മാനം

കൊച്ചി : പതിനേഴാം പിറന്നാൾ ആഘോഷിക്കാൻ സാരംഗ് ഇല്ലെങ്കിലും അച്ഛൻ ബിനേഷ് സമ്മാനിച്ച ഫുട്‌ബോൾ ‘അവന്റെ കൈകൾ’ ഏറ്റുവാങ്ങിയപ്പോൾ ചുറ്റുംനിന്നവരുടെ കണ്ണുകൾ നനഞ്ഞു. തനിക്ക് ദാനം കിട്ടിയ സാരംഗിന്റെ കൈകൾ കൂപ്പി നിറകണ്ണുകളോടെ ഷിഫിൻ ആ അച്ഛനമ്മമാർക്ക് നന്ദി പറഞ്ഞപ്പോൾ കണ്ടുനിന്ന നിയമസഭാ സ്‌പീക്കർ എ.എൻ. ഷംസീറും വികാരാധീനനായി.
കൊച്ചി അമൃത ആശുപത്രിയാണ് സ്‌നേഹസംഗമത്തിന് വേദിയായത്. വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്‌കമരണം സംഭവിച്ച ആറ്റിങ്ങൽ സ്വദേശി സാരംഗിന്റെ കൈകൾ മരണാനന്തര അവയവദാനത്തിലൂടെ സ്വീകരിച്ച പറവൂർ സ്വദേശി ഷിഫിനെ ആദ്യമായി കാണാനെത്തിയതായിരുന്നു സാംരംഗിന്റെ മാതാപിതാക്കൾ.
മാസങ്ങൾക്കുമുമ്പ് വിടവാങ്ങിയ മകന്റെ കൈകളിൽ വീണ്ടും തൊട്ടും തലോടിയും അവർ കണ്ണുനീർത്തുള്ളികളായി. തുടർന്ന് ഷിഫിൻ പിറന്നാൾ കേക്ക് മുറിച്ച് സാരംഗിന്റെ മാതാപിതാക്കൾക്ക് നൽകി. തനിക്ക് പുതുജീവിതം സമ്മാനിച്ച സാരംഗിന്റെ ഫോട്ടോ കൈയിൽ പിടിച്ചുനിൽക്കുന്ന ചിത്രവും ഷിഫിൻ അവർക്ക് സമ്മാനിച്ചു.
സ്പീക്കർ എ.എൻ. ഷംസീർ ചടങ്ങിൽ മുഖ്യാതിഥിയായി. അവയവദാനത്തിന് മനസ്സുകാണിച്ച സാരംഗിന്റെ മാതാപിതാക്കൾക്ക് സ്‌പീക്കർ നന്ദി പറഞ്ഞു. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ പ്രേംനായർ, മെഡിക്കൽ സൂപ്രണ്ട് കെ വി ബീന, പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്മണ്യ അയ്യർ എന്നിവർ സംസാരിച്ചു. ഷിഫിന്റെ കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ, സാരംഗിന്റെ അച്ഛൻ ബിനേഷ്‌കുമാർ, അമ്മ രജനി, സഹോദരൻ യശ്വന്ത്, ഷിഫിന്റെ അച്ഛൻ ചിന്നപ്പൻ, അമ്മ ഷീല തുടങ്ങിയവരും പങ്കെടുത്തു.
2023 മെയ് 17നാണ് ആറ്റിങ്ങൽ സ്വദേശി സാരംഗ് (16) വാഹനാപകടത്തിൽ മരിച്ചത്. അവയവദാനത്തിലൂടെ ആറുപേർക്ക് ജീവനേകി. പേരാമ്പ്ര അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായ ഷിഫിന് 2020 ഫെബ്രുവരി എട്ടിനാണ് കമ്പനിയിലുണ്ടായ അപകടത്തിൽ കൈകൾ നഷ്ടമായത്. കൈ മാറ്റിവയ്ക്കുന്നതിനുള്ള പണം അപ്പോളോ ടയേഴ്‌സ് മാനേജ്‌മെന്റും സഹപ്രവർത്തകരും ചേർന്നാണ് നൽകിയത്.