വിദ്യാർഥിയെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതിക്ക്‌ ജാമ്യമില്ല

Share our post

കൊച്ചി : കാട്ടാക്കടയിൽ പത്താം ക്ലാസ്‌ വിദ്യാർഥിയെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി പൂവച്ചൽ പുളിങ്കോട്‌ ഭൂമികയിൽ പ്രിയരഞ്‌ജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും തെളിവ്‌ നശിപ്പിക്കാനിടയുണ്ടെന്നും വിലയിരുത്തിയാണ്‌ ജാമ്യം നിഷേധിച്ചത്‌.

പൂവച്ചൽ പുളിങ്കോട്‌ അരുണോദയത്തിൽ അരുൺകുമാറിന്റെ മകൻ ആദിശങ്കറിനെയാണ്‌ മുൻവൈരാഗ്യത്തിന്റെ പേരിൽ 2023 ആഗസ്‌ത്‌ 30ന്‌ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയത്‌. ക്ഷേത്രമതിലിനരികിൽ പ്രതി മൂത്രം ഒഴിച്ചത്‌ ആദിശങ്കർ ചോദ്യം ചെയ്‌തിരുന്നു. അതിൽ ഇയാൾക്ക്‌ കുട്ടിയോട്‌ വൈരാഗ്യം ഉണ്ടായിരുന്നതായി മാതാപിതാക്കളുടെ മൊഴിയുണ്ട്‌. മാത്രമല്ല, സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന്‌ പ്രതി കുട്ടിയെ കാറിടിപ്പിക്കുന്നതടക്കമുള്ള ദൃശ്യങ്ങളും ലഭിച്ചു. തുടർന്നാണ്‌ കൊലക്കുറ്റമടക്കം ചുമത്തി കേസെടുത്തത്‌.

ആദിശങ്കർ സൈക്കിളിൽ കയറുന്നതിനിടെ കാറിടിപ്പിക്കുകയും തെറിച്ചുവീണ കുട്ടിയുടെ ദേഹത്ത്‌ കാർ കയറ്റി കൊലപ്പെടുത്തിയെന്നുമാണ്‌ കേസ്‌. വിദേശത്തുള്ള ഭാര്യയുമായി സംസാരിച്ച്‌ കാർ എടുക്കുന്നതിനിടെ സൈക്കിളിൽ ഇടിക്കുകയായിരുന്നുവെന്നും പുതിയ കാറായതിനാൽ ഓടിക്കുന്നതിൽ പരിചയക്കുറവുണ്ടായിരുന്നുവെന്നും കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നുമായിരുന്നു പ്രതിയുടെ വാദം.

പ്രതി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്ന്‌ കോടതി നിരീക്ഷിച്ചു. ഗുരുതരമായ ആരോപണമാണ്‌ പ്രതിക്കെതിരെയുള്ളത്‌. ജാമ്യത്തിൽ വിട്ടാൽ വിചാരണയ്‌ക്കും ശിക്ഷാവിധിക്കുംവരെ തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന്‌ കോടതി വിലയിരുത്തി. അതിനാൽ പ്രധാന സാക്ഷികളുടെ വിചാരണ പൂർത്തിയാക്കാതെ പ്രതിക്ക്‌ ജാമ്യം അനുവദിക്കാനാകില്ല. അതിനുശേഷം ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും ജസ്‌റ്റിസ്‌ സോഫി തോമസ്‌ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!