ഇസ്രായേലിൽ മിസൈൽ ആക്രമണം; മലയാളി യുവാവ് മരിച്ചു, രണ്ടുപേർക്ക് പരിക്ക്

Share our post

ന്യൂഡൽഹി: ഇസ്രായേലിൽ ഹിസ്ബുള്ള ഗ്രൂപ്പിൻ്റെ മിസൈൽ ആക്രമണത്തിൽ മലയാളിക്ക് ജീവൻ നഷ്‌ടമായതായും മറ്റു രണ്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ലെബനോനിൽ നിന്നും ഉണ്ടായ ഒരു ടാങ്ക് വേധ മിസൈൽ ആക്രമണത്തിലാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം. 

ഇസ്രായേലിലെ വടക്കൻ അതിർത്തിയും കാർഷിക മേഖലയുമായ മാർഗലിയോട്ടിലെ ഒരു തോട്ടത്തിലായിരുന്നു മിസൈൽ പതിച്ചതെന്ന് രക്ഷാസേനയുടെ വക്താവ് മാഗൻ ഡേവിഡ് ആദത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിൽ അഗ്രികൾച്ചർ വിസയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കൊല്ലം സ്വദേശിയായ നിബിൻ മാക്‌സ്‌വെൽ ആണ് കൊല്ലപ്പെട്ടതെന്നും മൃതദേഹം സിവ് ഹോസ്പിറ്റിലിൽ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ബുഷ് ജോസഫ് ജോർജ്ജ്, പോൾ മെൽവിൻ എന്നീ രണ്ടുപേർക്കാണ് പരിക്കേറ്റത്. മുഖത്തും ശരീരത്തിലും പരിക്കേറ്റ ജോർജ്ജിനെ പെട്ടാടിക്‌വയിൽ ബീലിൻസൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇപ്പോൾ നിരീക്ഷണത്തിലാണ്. അദ്ദേഹം കേരളത്തിലെ കുടുംബവുമായി സംസാരിച്ചു. 

പരിക്കേറ്റ ഇടുക്കിയിൽ നിന്നുള്ള മെൽവിനെ വടക്കൻ ഇസ്രായേലി നഗരമായ സഫെദിലെ സിവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിന് പിന്നിൽ ലെബനോനിലെ ഹിസ്ബുള്ള ഗ്രൂപ്പുകളാണെന്നാണ് കരുതുന്നത്. ഹമാസിന് പിന്തുണ നൽകി ഒക്ടോബർ എട്ട് മുതൽ ഹിസ്ബുള്ള ഗ്രൂപ്പ് റോക്കറ്റ്, മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഗാസയോടുള്ള ഐക്യദാർഡ്യത്തിൻ്റെ ഭാഗമായി ഒക്ടോബർ എട്ടിന് ഇസ്രായേലിന്റെ മിലിറ്ററി പോസ്റ്റിന് നേരെ ഹിസ്ബുള്ള ഗ്രൂപ്പ് ആക്രമണം നടത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!