പാറപ്പുറത്ത് ബാഗും ചെരുപ്പും വസ്ത്രവും; വിദ്യാർഥി കല്ലടയാറ്റിൽ മരിച്ച നിലയിൽ

Share our post

പുനലൂര്‍: കോളേജ് വിദ്യാര്‍ഥിയെ കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ ശ്രീനാരായണ കോളേജിലെ രണ്ടാംവര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥി സജില്‍ താജിനെ(20)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജോയിന്റ് എക്‌സൈസ് കമ്മിഷണർ അഞ്ചല്‍ അലയമണ്‍ പുത്തയം തേജസ് മന്‍സിലില്‍ ജെ. താജുദീന്‍കുട്ടിയുടേയും സബീനാ ബീവിയുടേയും മകനാണ്.

പുനലൂരില്‍ മുക്കടവ് തടയണക്ക് സമീപത്തുനിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാനിറങ്ങുമ്പോള്‍ കാല്‍വഴുതി ആറ്റിലകപ്പെട്ടതാവാമെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച കോളേജിൽ പോയ സജില്‍ ഏറെവൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് അഞ്ചല്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തില്‍ മുക്കടവില്‍ നിന്ന് അവസാന സിഗ്നല്‍ ലഭിച്ചിരുന്നതായി കണ്ടെത്തി. പോലീസ് ഇവിടെയെത്തി പരിശോധിച്ചപ്പോള്‍ പാറപ്പുറത്ത് സജിലിന്റെ ബാഗും ചെരുപ്പും വസ്ത്രവും കണ്ടു.
തുടര്‍ന്ന് പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുനലൂര്‍ താലൂക്ക് ആസ്പത്രിയില്‍ പരിശോധന നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സഞ്ജയ് താജ് (ദുബായ്), സാലസ് താജ് (ബെംഗളൂരു) എന്നിവരാണ് സജിലിന്റെ സഹോദരങ്ങൾ.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!