സംസ്ഥാനത്തെ ആദ്യ ജനമൈത്രി ചെക്ക്പോസ്റ്റ് മറയൂരില്‍

Share our post

മറയൂർ: സംസ്ഥാനത്തെ ആദ്യ സ്‍മാർട് ജനമൈത്രി ചെക്ക്പോസ്റ്റ് മറയൂരിൽ പ്രവർത്തനം തുടങ്ങി. മറയൂർ ചന്ദന ഡിവിഷനിലെ ചട്ടമൂന്നാർ ചെക്ക്പോസ്റ്റാണ് സ്‍മാർട്ടും ജനസൗഹൃദവുമാകുന്നത്. വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്ന ഡിജിറ്റൽ ആപ്ലിക്കേഷനിലൂടെയാണ് മറയൂരിൽനിന്നും 16 കിലോമീറ്ററുള്ള ചട്ടമൂന്നാർ ചെക്ക്പോസ്റ്റ് പ്രവർത്തിക്കുക.

ചെക്ക്‍പോസ്റ്റുകളോടുള്ള പൊതുജനത്തിന്റെ ആശങ്കയും ഭയവും മാറ്റി സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനാണ് സർക്കാർ ജനമൈത്രി മോഡൽ ചെക്ക്പോസ്റ്റുകൾക്ക് തുടക്കം കുറിക്കുന്നത്. യാത്രക്കാരോട് ജീവനക്കാർ വാഹനത്തിന് അരികിലെത്തി സൗഹൃദപരമായി വിവരങ്ങൾ ചോദിച്ച് മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തും. മഴയത്ത്‌ വാഹനത്തിൽ നിന്ന്‌ ഡ്രൈവർ ഇറങ്ങി വിവരം നൽകി ഒപ്പിടുന്ന രീതി ഇതോടെ അവസാനിക്കും.

ജീവനക്കാർ അടുത്തെത്തി നാലുചോദ്യങ്ങളാണ് ചോദിക്കുക. പേര്, എവിടെനിന്ന്‌ വരുന്നു, എവിടേയ്‍ക്ക് പോകുന്നു, വാഹനത്തിന്റെ നമ്പർ. അപ്പോൾ തന്നെ ആപ്ലിക്കേഷനിൽ വിവരങ്ങൾ ഉൾപ്പെടുത്തും. തിരുവനന്തപുരം, കോട്ടയം എന്നിവടങ്ങളിലെ ഓഫീസുകളിൽനിന്നും വിവരങ്ങൾ ഡിജിറ്റലായി ലഭിക്കും. ആപ്ലിക്കേഷൻ ആയതിനാൽ ചരക്ക്, ടാക്‍സി, തുടങ്ങി വാഹനങ്ങളുടെ വിവരങ്ങൾ വേർതിരിച്ച് രേഖപ്പെടുത്താം. കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്ര വാഹനങ്ങളെത്തിയെന്നും ഒറ്റ ക്ലിക്കിലറിയാം. ഏതൊക്കെ സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളാണെന്നും വ്യക്തമാകും.

ജനസൗഹൃദം

ദീർഘദൂരം യാത്രചെയ്‍ത് എത്തുന്നവർക്ക് വൃത്തിയുള്ള ശൗചാലയം, സ്ത്രീകൾക്ക് നാപ്കിൻ വെൻഡിങ്‌ മെഷീൻ എന്നിവയും വിശ്രമ മുറികളും. വിനോദസഞ്ചാര വിവരങ്ങളും വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ മുന്നറിയിപ്പും സുരക്ഷാ നിർദ്ദേശങ്ങളും നൽകും. നബാർഡ്, കേരള സർക്കാർ ഫണ്ട് എന്നിവ വിനയോഗിച്ചാണ് ചട്ടമൂന്നാർ സ്മാർട്ട് ജനമൈത്രി ചെക്ക് പോസ്റ്റ് ആരംഭിച്ചത്. ഞായർ മുതൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയെന്ന് മറയൂർ ഡി.എഫ്.ഒ എം.ജി. വിനോദ്കുമാർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!