സിലബസിന് പുറത്തു നിന്ന് പി.എസ്.സി നിലവാരത്തിൽ ചോദ്യം; കഠിനം യു.എസ്.എസ്. പരീക്ഷ

കോഴിക്കോട്: കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് കിട്ടുന്ന ദിവസവേതനം എത്രയാണ്? കഴിഞ്ഞ ദിവസം നടന്ന യു.എസ്.എസ്. പരീക്ഷയുടെ സോഷ്യൽ സയൻസ് വിഭാഗത്തിലെ ചോദ്യങ്ങളിലൊന്നാണ്. പാഠപുസ്തകത്തിലോ സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള കൈപ്പുസ്തകത്തിലോ ഒരു പരാമർശവുമില്ലാത്ത ഇത്തരം ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്ക് വന്നവയിൽ ഏറിയ പങ്കും. പാഠപുസ്തകവും കൈപ്പുസ്തകവും അടിസ്ഥാനമാക്കിയാണ് കുട്ടികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കാറുള്ളത്.
സിലബസിന് പുറത്തുനിന്നുവന്ന പി.എസ്.സി. പരീക്ഷാ നിലവാരത്തിലുള്ള ഇത്തരം ചോദ്യങ്ങൾ ഏഴാംക്ലാസുകാരായ കുട്ടികളെ വലച്ചുവെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതി. പത്തുവർഷത്തിനിടെ ഇത്ര കടുത്ത ചോദ്യങ്ങൾ ചോദിച്ചിട്ടില്ലെന്ന് അധ്യാപകർ പറയുന്നു. അറബിക്, മലയാളം, സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് തുടങ്ങിയ വിഭാഗങ്ങളിലെല്ലാമുള്ള ചോദ്യങ്ങൾ ഒരുപോലെ കുട്ടികളെ കുഴക്കി.
ജയിക്കുന്ന കുട്ടികളുടെ എണ്ണം കുറയ്കുകയാണ് ചോദ്യങ്ങളുടെ ഉന്നമെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം. ശരാശരി 10,000 കുട്ടികളാണ് സംസ്ഥാനത്ത് ഒരു വർഷം എൽ.എസ്.എസ്.- യു.എസ്.എസ്. സ്കോളർഷിപ്പുകൾ നേടുന്നത്.
മൂന്നുവർഷം 1500 രൂപയാണ് യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷ ജയിച്ചാൽ കിട്ടുക. 2018- നുശേഷം ഈ തുക കൊടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിൽ ജേതാക്കളുടെ എണ്ണം കുറയ്ക്കാനാണ് പരീക്ഷ കടുപ്പിച്ചതെന്നാണ് സംശയമെന്ന് കെ.പി.എസ്.ടി.എ. വടകര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ. ഹാരിസ് പറഞ്ഞു.
യു.എസ്.എസ്. ജേതാക്കളുടെ എണ്ണം സ്കൂളുകളുടെ മികവിന്റെ അടയാളമായതോടെ കടുത്ത സമ്മർദമാണ് കുട്ടികൾ നേരിടുന്നത്. അധ്യയനവർഷാരംഭം മുതൽ സ്കൂളുകളിൽ പ്രത്യേക പരിശീലന പരിപാടികൾ നടക്കാറുണ്ട്. അവധിദിവസങ്ങളിലും രാത്രികളിലും ഈ ക്ലാസിലിരുന്നാണ് കുട്ടികൾ തയ്യാറെടുക്കുന്നത്. ഇവരൊക്കെയും പരീക്ഷ കടുപ്പമായതോടെ മാനസികമായി വലിയ പ്രയാസം നേരിടുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു. രണ്ടുവിഭാഗങ്ങളിലായി 90 മാർക്കിന്റെ ചോദ്യങ്ങളാണ് പരീക്ഷയ്കുള്ളത്. 63 ആണ് കട്ട്ഓഫ് മാർക്ക്.