ഫയര്‍ അലാറം വേണ്ട; സ്വകാര്യ-ടൂറിസ്റ്റ് ബസുകള്‍ക്കായി കേന്ദ്ര നിര്‍ദേശം മറികടന്ന് വാട്സ്ആപ്പ് ഉത്തരവ്

Share our post

ബസുകളില്‍ തീപ്പിടിത്തം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ഫയര്‍ സുരക്ഷാ അലാറം ഒഴിവാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദേശം. കേന്ദ്രനിയമം മറികടന്ന് ഇളവുനല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് സ്വകാര്യബസുകാരെ സഹായിക്കാന്‍ വാട്സാപ്പില്‍ ഉത്തരവ് നല്‍കിയത്.

ഗതാഗതമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഇളവ് നല്‍കിയതെന്ന് അറിയുന്നു. റോഡില്‍ അഗ്‌നിക്കിരയാകുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുമ്പോഴാണ് മോട്ടോര്‍ വാഹനവകുപ്പ് സ്വകാര്യ-ആഡംബര ബസ്സുടമകള്‍ക്ക് വഴിവിട്ട ഇളവുനല്‍കുന്നത്.

ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് 135 പ്രകാരം 2023 ഒക്ടോബറിനുശേഷം പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ, ടൂറിസ്റ്റ് ബസുകളില്‍ തീപ്പിടിത്ത മുന്നറിയിപ്പ് സംവിധാനം നിര്‍ബന്ധമാണ്. ഡ്രൈവര്‍ കാബിനിലാണ് ഇവ ഘടിപ്പിക്കേണ്ടത്. ബസില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, അഗ്‌നിബാധ, എന്‍ജിന്‍ റൂമില്‍ അമിതമായ ചൂട് എന്നിവയുണ്ടായാല്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണിത്.

ഇതിനെക്കാള്‍ ഒരുപടികൂടി കടന്ന സുരക്ഷാസംവിധാനമാണ് സ്‌കൂള്‍ബസുകള്‍ക്കുള്ളത്. തീപടര്‍ന്നാല്‍ സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അഗ്‌നിശമനസംവിധാനമാണ് സ്‌കൂള്‍ബസുകള്‍ക്ക് വേണ്ടത്. കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്ന് സംസ്ഥാനത്തും സ്വകാര്യ കോണ്‍ട്രാക്ട് കാരേജ് ബസുകളില്‍ ഫയര്‍ അലാറം നിര്‍ബന്ധമാക്കിയിരുന്നു. കോച്ച് നിര്‍മാതാവാണ് ഇവ ഘടിപ്പിക്കേണ്ടത്.

എന്നാല്‍, ചില ബസ്സുടമാസംഘടനകള്‍ ഇതിനെതിരേ രംഗത്തെത്തി. ഇവര്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് വാക്കാല്‍ ഇളവ് നല്‍കിയത്. ഉപകരണം കിട്ടാനില്ലെന്ന് വാദമാണ് ഉടമകള്‍ ഉയര്‍ത്തുന്നത്. എന്നാല്‍, പ്രമുഖ വാഹനനിര്‍മാതാക്കള്‍ ഇവ ഘടിപ്പിച്ചാണ് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!