പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന വിരുതൻമാരെ കുടുക്കാൻ പുത്തൻ കെണിയൊരുക്കി സർക്കാർ

Share our post

കൊച്ചി: ശുചിത്വ കേരളം ഉറപ്പാക്കാൻ നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളില്‍ ഗവർണർ ഒപ്പിട്ടു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ 5000 രൂപ പിഴ ഈടാക്കാനുള്ള 2024ലെ കേരള പഞ്ചായത്തിരാജ് (ഭേദഗതി), കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകളാണിവ.

ബന്ധപ്പെട്ട ഓർഡിനൻസ് മാർച്ച്‌ ആറിന് അസാധുവാകുമായിരുന്നു. സർക്കാർ ഇക്കാര്യമറിയിച്ചതോടെയാണ് ഗവർണർ ഒപ്പിട്ടത്. ഫെബ്രുവരി 13നാണ് ബില്ലുകള്‍ സഭ പാസാക്കിയത്.

മാലിന്യ നിർമ്മാർജ്ജനത്തില്‍ വീഴ്ച വരുത്തുന്ന തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കും. പിഴയും ഫണ്ടില്‍ നിന്നെടുക്കും. വീഴ്ച വരുത്തുന്നത് വ്യാപാര സ്ഥാപനങ്ങളാണെങ്കില്‍, ലൈസൻസ് പുതുക്കി നല്‍കില്ല. മാലിന്യ സംസ്ക്കരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിക്കായിരിക്കും. വീഴ്ചവരുത്തിയാല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കും. സെക്രട്ടറിക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ രണ്ടു ലക്ഷം രൂപ വരെ ചെലവാക്കാൻ അധികാരമുണ്ടായിരിക്കും. നേരത്തെ ഇത് 25000 രൂപയായിരുന്നു.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകള്‍ ഒരു മാസത്തിനുള്ളില്‍ നടപ്പാക്കിയില്ലെങ്കില്‍ പിഴ ചുമത്തും. യൂസർഫീ നല്‍കുന്നതില്‍ 90 ദിവസത്തിനു ശേഷവും വീഴ്ച വരുത്തിയാല്‍, പ്രതിമാസം 50% പിഴയോടുകൂടി വസ്തു നികുതിയോടൊപ്പം കുടിശ്ശികയായി ഈടാക്കാം. യൂസർഫീ യഥാസമയം അടയ്ക്കാത്ത വ്യക്തിക്ക് തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള യാതൊരു സേവനവും ലഭിക്കില്ല.

100ല്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പൊതുപരിപാടികള്‍ നടത്തുന്നതിന് മൂന്ന് ദിവസം മുൻപെങ്കിലും തദ്ദേശസ്ഥാപനത്തില്‍ അറിയിക്കണം. മാലിന്യം നിശ്ചിത ഫീസ് നല്‍കി ശേഖരിക്കുന്നവർക്കോ,ഏജൻസികള്‍ക്കോ കൈമാറണം. മാലിന്യസംസ്‌കരണ കേന്ദ്രങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക്, നികുതിയില്ല. മാലിന്യം വലിച്ചെറിയുന്നത് അറിയിക്കുന്നവർക്ക് സമ്മാനവുമുണ്ട്.  


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!