ബ്രേക്കും സ്റ്റിയറിങ്ങും മുതല്‍ വയറിങ്ങ് വരെ നോക്കണം; എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ഇനി സൂപ്പര്‍ ചെക്കിങ്

തകരാറുകള്‍ തീര്‍ത്ത് എല്ലാ കെ.എസ്.ആര്‍.ടി.സി. ബസുകളും സൂപ്പര്‍ ചെക്കിങ് നടത്തുന്നു. ബസുകളുടെ സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണിത്. വര്‍ക്ഷോപ്പ് അധികാരിയുടെ നേതൃത്വത്തില്‍ രണ്ടോ മൂന്നോ പേരെ ഉള്‍പ്പെടുത്തി പ്രത്യേകസംഘം രൂപവത്കരിച്ച് ദിവസം കുറഞ്ഞത് രണ്ടു ബസുകള്‍ പൂര്‍ണമായ പരിശോധനയ്ക്ക് (സൂപ്പര്‍ ചെക്കിങ്) വിധേയമാക്കാനാണ് പറഞ്ഞിരിക്കുന്നത്. ഓപ്പറേറ്റിങ് സെന്ററില്‍ ദിവസം ഒരു ബസും സൂപ്പര്‍ ചെക്ക് ചെയ്യണം.
അടുത്തിടെ ഓട്ടത്തിനിടെ ബസില്‍ തീപ്പിടിത്തമുണ്ടായതും മിക്ക ഡിപ്പോകളിലും തുടര്‍ച്ചയായി ബ്രേക്ക് ഡൗണ്‍ ഉണ്ടാകുന്നതുമാണ് സൂപ്പര്‍ ചെക്കിങ് നടത്താന്‍ കാരണം. ഷോര്‍ട്ട് സര്‍ക്യൂട്ട്, മെക്കാനിക്കല്‍ തകരാറുകള്‍ എന്നിവമൂലം ബ്രേക്ക് ഡൗണും അപകടങ്ങളും ഉണ്ടാകുന്നത് തടയണമെന്നാണ് നിര്‍ദേശം. ഇലക്ട്രിക്കല്‍ സംബന്ധമായ തകരാറുകള്‍ പൂര്‍ണമായി പരിഹരിച്ചുവേണം ചെക്കിങ് നടത്താന്‍.
ബ്രേക്ക് സിസ്റ്റം, സ്റ്റിയറിങ് ഉപകരണങ്ങള്‍ എന്നിവയെല്ലാം ഉപയോഗയോഗ്യമാണെന്ന് ഉറപ്പുവരുത്തും. ബാറ്ററി കേബിള്‍ പൂര്‍ണമായി അഴിച്ചു പുറത്തെടുത്ത് ഇന്‍സുലേഷന്‍ തകരാറുകള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കി വാഹനഭാഗങ്ങളില്‍ ഉരയാത്തവിധം തിരികെ ഘടിപ്പിക്കണം. സൂപ്പര്‍ ചെക്ക് ചെയ്തശേഷം ബസുകളില്‍നിന്ന് അമിതമായി പുക വമിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇത്തരം വണ്ടികള്‍ ‘സൂപ്പറാ’ണെന്ന് ഒപ്പുചാര്‍ത്തരുത്. ഡീസല്‍, ഓയില്‍ എന്നിവ ചോരുന്നത് ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡീസല്‍, ഓയില്‍ എന്നിവയുടെ ചോര്‍ച്ച കോര്‍പ്പറേഷന് വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ട്. തകരാറുകള്‍ പൂര്‍ണമായി പരിഹരിച്ചശേഷം ഡിപ്പോ എന്‍ജിനിയറോ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനിയറോ വിശദവിവരം വര്‍ക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തി ഒപ്പിടണം. സൂപ്പര്‍ ചെക്കിങ് നടത്തിയതിന്റെ വിവരങ്ങള്‍ 15 ദിവസം കൂടുമ്പോള്‍ ചീഫ് ഓഫീസിലേക്ക് അയച്ചുകൊടുക്കുകയും വേണം.