മദ്യലഹരിയിൽ വാക്കുതർക്കം; അനുജനെ ചേട്ടൻ വെടിവെച്ച് കൊന്നു

മദ്യലഹരിയിൽ വാക്കുതർക്കത്തെ തുടർന്ന് സഹോദരനെ വെടിവെച്ചു കൊന്നു. കാസർകോട് കുറ്റിക്കോൽ വളവിൽ നൂഞ്ഞിങ്ങാനത്ത് അശോകനെ (45) സഹോദരൻ ബാലകൃഷ്‌ണനാണ് (47) കൊലപ്പെടുത്തിയത്. ഞായർ രാത്രി ഒമ്പതോട് കൂടിയാണ് സംഭവം.
കുടുംബപ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും മദ്യപിച്ച് വഴക്കിലായിരുന്നു. നൂഞ്ഞങ്ങാനത്തെ ഇവരുടെ വീട്ടിനകത്ത് വച്ച് പന്നിയെ കൊല്ലാൻ നായാട്ടിന് ഉപയോഗിക്കുന്ന നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മരണപ്പെടുകയായിരുന്നു.
ഇരുവരും സജീവ കോൺഗ്രസ് പ്രവർത്തകരാണ്. കൂലിപ്പണിയാണ് ജോലി. നൂഞ്ഞിങ്ങാനത്തെ പരേതരായ പി. നാരായണൻ നായർ, കെ. ദാക്ഷായണിയമ്മ എന്നിവരുടെ മക്കളാണ്. അശോകന്റെ ഭാര്യ: ബിന്ദു. മറ്റ് സഹോദരങ്ങൾ: ഗംഗ, ശോഭ, ജനാർദ്ദനൻ. ബേഡകം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.