രണ്ടുവർഷത്തിനകം ലക്ഷ്യത്തിലെത്തുമോ: കുതിച്ചും കിതച്ചും ദേശീയപാത

കണ്ണൂർ: ആറുവരി ദേശീയപാത എന്ന സ്വപ്നം 2026നുള്ളിലെങ്കിലും പൂർത്തിയാകുമോയെന്ന ആശങ്കയിലാണ് യാത്രാദുരിതം കൊണ്ട് പൊറുതി കെട്ട ജനം ഇപ്പോൾ. ചില റീച്ചുകളിലെ നിർമ്മാണത്തിൽ നല്ല പുരോഗതിയുണ്ടായപ്പോൾ ചിലയിടങ്ങളിൽ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്.വീതി നന്നെ കുറഞ്ഞ സർവീസ് റോഡുകളിലെ കുരുക്കിൽ പെട്ട് നട്ടംതിരിയുകയും പൊടിശല്യത്തിൽ പൊറുതിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിർമ്മാണവേഗതയെക്കുറിച്ച് ആശങ്ക ഉയരുന്നത്.
വൻയന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവൃത്തികൾ റോഡിനോട് ചേർന്നുള്ള വീടുകളെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പൊടി ശല്യം തടയാൻ പമ്പ് ചെയ്യുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.
ആദ്യ റീച്ചായ തലപ്പാടി ചെങ്കള പാതയുടെ നിർമാണം 2024 മേയിൽ പൂർണമായും പൂർത്തിയാക്കുമെന്നാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി അധികൃതർ ഉറപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും വേഗത്തിൽ പണി പൂർത്തിയാക്കുന്ന റീച്ചും ഇതാണ്. 1704.13 കോടിയാണ് ഇതിന്റെ ടെൻഡർതുക. മലയാളികളും അന്യസംസ്ഥാനതൊഴിലാളികളുമായി 2200 പേരാണ് ദേശീയ പാതയ്ക്ക് വേണ്ടി ജോലി ചെയ്യുന്നത്.
തലപ്പാടി-ചെങ്കള റീച്ചിലെ കാസർകോടാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ പാലമുള്ളത്. ഇരുപത്തിയേഴ് മീറ്ററിൽ 1.12 കി.മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.മൂന്നാം റീച്ചിലെ പള്ളിക്കര മേൽപ്പാലം
ഇതിനകം തുറന്ന് കൊടുത്തിട്ടുണ്ട്.
കാസർകോട് നിർമ്മാണം
ആകെ ദൂരം: 83.1 കി.മി.
1തലപ്പാടി ചെങ്കള
കാലാവധി ഡിസംബർ 2024
പൂർത്തിയായത് :60 %
2ചെങ്കള നീലേശ്വരം
കാലാവധി ഡിസംബർ 2024
പൂർത്തിയായത് :45 %
3നീലേശ്വരം പള്ളിക്കര മേൽപ്പാലം
കാലാവധി ജൂൺ 2023
പൂർത്തിയായത്: 98%
കണ്ണൂരിൽ നിർമ്മാണ പുരോഗതി
ആകെ ദൂരം 88.6 കി.മി.
1നീലേശ്വരം തളിപ്പറമ്പ്
കാലാവധി 2024 ഏപ്രിൽ 11
പൂർത്തിയായത്:26%
2 തളിപ്പറമ്പ് മുഴുപ്പിലങ്ങാട്
കാലാവധി 2024 മേയ് 26
പൂർത്തിയായത്:28%
3 തലശ്ശേരി മാഹി ബൈപ്പാസ്
കാലാവധി മാർച്ച് 2024
പൂർത്തിയായത് : 98%
കണ്ണൂരിൽ ഇഴഞ്ഞിഴഞ്ഞ്
മേഘ കൺസ്ട്രക്ഷൻ, ഇ.കെ.കെ ഇൻസ്ഫ്രസ്‌ക്രെച്ചർ കമ്പനി, വിശ്വമുദ്ര എൻജിനീയറിംഗ് എന്നിവർക്കാണ് കണ്ണൂർ ജില്ലയിലെ റീച്ചുകളുടെ നിർമ്മാണ കരാർ. ഈ റീച്ചിൽ വളപട്ടണത്ത് ഉൾപ്പെടെയുള്ള പാലങ്ങളുടെ നിർമ്മാണമാണ് ഇഴഞ്ഞു നീങ്ങുന്നത്. വെള്ളൂർ, ധർമ്മശാല തുടങ്ങി ചിലയിടങ്ങളിൽ പാത തുറന്നു കൊടുത്തിട്ടുണ്ട്. കീഴാറ്റൂർ വയലിലെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. തളിപ്പറമ്പ് നഗരത്തെ തൊടാതെ കടന്നുപോവുന്ന ബൈപ്പാസ് യാഥാർത്ഥ്യമാവുന്നതോടെ നഗരത്തിലെ വലിയ ഗതാഗതക്കുരുക്കാണ് ഇല്ലാതാവുക.
തലശ്ശേരി-മാഹി ബൈപ്പാസിൽ മിനുക്കുപണി മാത്രം
തലശ്ശേരി-മാഹി ബൈപ്പാസ് നിർമാണത്തിൽ അവസാന മിനുക്ക് പണികൾ മാത്രമാണ് ബാക്കി. മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണ് ബൈപാസ്. 1977ൽ ആരംഭിച്ച സ്ഥലമേറ്റെടുക്കൽ നടപടികളുടെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് 2018 നവംബറിലാണു നിർമ്മാണം ഔദ്യോഗികമായി തുടങ്ങിയത്.2020 മേയിൽ പൂർത്തിയാക്കേണ്ടതായിരുന്നെങ്കിലും നെട്ടൂർ ബാലത്ത് പാലത്തിന്റെ നാലു ബീമുകൾ തകർന്നുവീണതും കോവിഡും തുടർന്നുവന്ന ലോക്ഡൗണും തടസമായി. 1300 കോടിയാണ് ബൈപാസിന്റെ ആകെ ചിലവ്.