വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേർ കൂടി പിടിയിൽ

Share our post

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ കൂടി പിടികൂടി. പത്തനംതിട്ട, അടൂർ, കൃഷ്ണവിലാസം വീട്ടിൽ ജെ. അജയ്(24), കൊല്ലം, പറവൂർ തെക്കുംഭാഗം ചെട്ടിയാൻവിളക്കം വീട്ടിൽ എ. അൽത്താഫ്(21), കൊല്ലം, കിഴക്കുഭാഗം നാലുകെട്ട് വീട്ടിൽ ആർ.എസ്. കാശിനാഥൻ(25) എന്നിവരാണ് പിടിയിലായവർ.

ബാംഗ്ലൂരിൽ വിവിധ സ്ഥലങ്ങളിലായി മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന അജയിനെ ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സാഹസികമായി പിടികൂടിയത്. കൊല്ലത്ത് വിവിധയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരവേ ബന്ധു വീട്ടിൽ നിന്നാണ് പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അൽത്താഫിനെ കസ്റ്റഡിയിലെടുക്കുന്നത്.

പോലീസ് സമ്മർദ്ദം ശക്തമായതിനെ തുടർന്ന് കാശിനാഥൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ കീഴടങ്ങുകയായിരുന്നു. വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ കൽപ്പറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!