വിവാഹമോചന നടപടി തുടങ്ങിയാല്‍ 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യക്ക് അവകാശമുണ്ട്’ ഹൈക്കോടതി

Share our post

കൊച്ചി: വിവാഹമോചന നടപടി ആരംഭിച്ചാല്‍ 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതില്‍ സ്ത്രീകളുടെ തീരുമാനമാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി. 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ 23 കാരി കോടതിയെ സമീപിക്കുകയായിരുന്നു.

20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്നതിന് നിലവില്‍ നിയമപരമായ തടസ്സങ്ങളുണ്ട്. ഗര്‍ഭഛിദ്രം നടത്തിയില്ലെങ്കില്‍ ഗുരുതര ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ പിന്നീട് ഉണ്ടാകുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഉത്തരവ്. എന്റെ ശരീരം എന്റെ സ്വന്തമാണെന്ന ഐക്യരാഷ്ട്ര സംഘടനയുടെ വാചകം ഉദ്ധരിച്ചാണ് ഹൈക്കോടതി ഉത്തരവ്. സ്ത്രീയുടെ ശാരീരികവും മാനസികവുമായ എല്ലാ അവകാശങ്ങളും അവര്‍ക്ക് മാത്രമാണ്. ലിംഗ സമത്വത്തിന്റെയും ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെയും ഭാഗമാണിതെന്നും കോടതി പറഞ്ഞു.

വിവാഹമോചനം നേടിയ സ്ത്രീക്ക് 20നും 24 ആഴ്ചയ്ക്കും ഇടയിലുള്ള ഗര്‍ഭം അലസിപ്പിക്കാനേ അനുമതി നല്‍കുന്നുള്ളു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം അമ്മയ്‌ക്കോ ഗര്‍ഭസ്ഥ ശിശുവിനോ ഉള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍, അമ്മയുടെ മാനസിക പ്രശ്‌നങ്ങള്‍, വിവാഹമോചനം, ഭര്‍ത്താവിന്റെ മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമാണ് വിവാഹിതയായ സ്ത്രീക്ക് ഇരുപത് ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയുള്ളൂ.

നിയമപ്രശ്‌നം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അഡ്വ.പൂജ മേനോനെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചു. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സുപ്രീം കോടതി സമാനമായ വിഷയം ഉന്നയിച്ചുള്ള കേസില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. താന്‍ ഭര്‍ത്താവിന്റെ വൈവാഹിക പീഡനം (മാരിറ്റല്‍ റേപ്പ്) ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്കിരയാണെന്ന് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു.

ഹര്‍ജിക്കാരിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റേയും ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ടും കോടതി വിശദമായി പരിശോധിച്ചതിന് ശേഷമാണ് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!