ജയിലുകളിൽ തടവുകാരെ ജാതിതിരിച്ച് പണിയെടുപ്പിക്കുന്നതു കേന്ദ്രസർക്കാർ നിർത്തലാക്കി

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിൽ തടവുകാരെ ജാതി തിരിച്ചു പലവിധ ജോലികൾ എടുപ്പിക്കുന്ന സമ്പ്രദായം കേന്ദ്ര ആഭ്യന്തരവകുപ്പ് നിർത്തലാക്കി. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
സുപ്രീം കോടതിയിൽ നിലവിലുള്ള ഒരു പൊതു താല്പത്യ ഹർജിയെ തുടർന്നാണിത്. കർണാടകയിലെ മാധ്യമ പ്രവര്‍ത്തകയായ സുകന്യ ശാന്ത നൽകിയ ഹർജിയെ തുടർന്നാണിത്. ദളിതർക്കും മറ്റു താഴ്ന്ന ജാതിക്കാർക്കും കക്കൂസ് വൃത്തിയാക്കൽ, ചളി വാരൽ, അഴുക്കുകൾ വാരൽ തുടങ്ങിയ ജോലികൾ നൽകി.
ദളിതർക്ക് അടുക്കളയിൽ പ്രവേശനം ഇല്ല. അത് ഉയർന്ന ജാതിക്കാർക്കു മാത്രം. താഴ്ന്നവരോട് പരുഷമായ പെരുമാറ്റം ഉദ്യോഗസ്ഥർ കാണിച്ചു. കേസ് പരിഗണിച്ചപ്പോൾ ഇത് ഗൗരവപ്പെട്ടതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അന്വേഷിക്കാൻ കേന്ദ്രത്തിന് ഉത്തരവ് നൽകി.
ചില സംസ്ഥാനങ്ങളിൽ ജയിൽ മാനുവലിൽ ജാതി തിരിച്ചു ജോലി വ്യവസ്ഥ ചെയ്തിട്ടുള്ളത് ഉടനെ നീക്കാൻ കേന്ദ്രം ഉത്തരവിട്ടു. എല്ലാ തടവുകാരെയും തുല്യരായി കാണണം. ജോലിയുടെ കാര്യത്തിൽ ഇനി ജാതി സമ്പ്രദായം ഒരുകാരണവശാലും അനുവദിച്ചു കൂടാ എന്ന് കേന്ദ്രം കർശനമായി പറഞ്ഞു. ബിഹാർ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബംഗാൾ, രാജസ്ഥാൻ, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ജാതി നിലനിന്നത്. കേരളം ഇതിൽ ഉൾപെട്ടിരുന്നില്ല. ജയിലുകൾ സന്ദർശിച്ചാണ് സുകന്യ ഹർജി തയ്യാറാക്കിയത്.
1978 ൽ ജസ്റ്റിസ് കൃഷ്ണയ്യർ സുപ്രീം കോടതി ജഡ്ജി ആയിരുന്നപ്പോൾ ജയിൽ പരിഷ്കരിക്കാൻ നടപടി തുടങ്ങിയിരുന്നു. പക്ഷെ കേന്ദ്രം തുടർനടപടികൾ കാര്യമായി എടുത്തില്ല. പേരിനു മാത്രം നടപടി ഉണ്ടായി. എന്നാൽ തിഹാർ ജയിലിലെ അധോലോകം പുറത്തു കൊണ്ടുവരാൻ കഴിഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമികളായ ജഡ്ജിമാർ ഉത്തരവിട്ടാണ് ജയിൽ പരിഷ്കരിച്ചത്. പക്ഷെ ജാതി സമ്പ്രദായം നിലനിന്നത് ഈ ഹർജിയെ തുടർന്നാണ് പുറം ലോകം അറിഞ്ഞത്.