കണ്ണൂരില്‍ മത്സരിച്ചാലും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹമെന്ന് കെ. സുധാകരന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹമുണ്ടെന്ന് കെ. സുധാകരന് സ്ക്രീനിംഗ് കമ്മിറ്റിയെ അറിയിച്ചു. കേരളത്തിലെ സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ നിലപാട്.
നേരത്തെ, കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ജനപ്രതിനിധിയെന്ന ചുമതല തടസമാണെന്നും അതിനാല്‍ വീണ്ടും മത്സരിക്കാനില്ലെന്നുമായിരുന്നു സുധാകരൻ പറഞ്ഞിരുന്നത്. എന്നാല്‍ കണ്ണൂരില്‍ സി.പി.എം ജില്ലാ സെക്രട്ടറിയെ തന്നെ രംഗത്തിറക്കിയ സാഹചര്യത്തിലാണ് സ്ഥാനാര്‍ഥിയായി സുധാകരന് തന്നെ വേണമെന്ന സമ്മര്‍ദം ശക്തമായത്.
അതേ സമയം കണ്ണൂരില്‍ ജയിച്ചാലും തോറ്റാലും തന്റെ കെ.പി.സി.സി അധ്യക്ഷ പദവിയ്ക്ക് ഭീഷണിയാണെന്ന തിരിച്ചറിവ് സുധാകരനുണ്ട്. ജയിച്ചാല്‍ ഇരട്ടപദവി പ്രശ്നവും തോറ്റാല്‍ ധാര്‍മികതയും സ്ഥാനം തെറിക്കാന്‍ കാരണമാകും.
മാത്രമല്ല വി.ഡി.സതീശന് അടക്കം കേരളത്തിലെ പ്രധാനനേതാക്കളില്‍ പലർക്കും സുധാകരന്റെ പ്രവര്‍ത്തന രീതിയോട് വിയോജിപ്പുണ്ടുതാനും. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന കാര്യം സുധാകരന് മത്സരിക്കും മുൻപേ പാര്‍ട്ടി സ്ക്രീനിംഗ് കമ്മിറ്റിയെ അറിയിച്ചത്