വനിതകള്‍ക്ക് അഗ്‌നിവീറാവാം; പത്താം ക്ലാസ് വിജയം യോഗ്യത

ഇന്ത്യന്‍ ആര്‍മിയില്‍ അഗ്‌നിവീറാവാന്‍ വനിതകള്‍ക്ക് അവസരം. വിമെന്‍ മിലിറ്ററി പോലീസിലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈൻ കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്ത് പരീക്ഷക്കും ശേഷം റിക്രൂട്ട്മെന്റ് റാലിയും നടത്തി ആയിരിക്കും തിരഞ്ഞെടുപ്പ്. ഏപ്രില്‍ 22 മുതലായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ.
യോഗ്യത: പത്താം ക്ലാസ് വിജയം. ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്കും ആകെ 45 ശതമാനം മാര്‍ക്കും വേണം. ഗ്രേഡിങ് സിസ്റ്റത്തില്‍ പഠിച്ചവര്‍ ഇതിന് തുല്യമായ ഗ്രേഡ് നേടണം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ അവിവാഹിതർ ആയിരിക്കണം. കുട്ടികൾ ഇല്ലാത്ത വിധവകള്‍ക്കും വിവാഹ മോചിതർക്കും അപേക്ഷിക്കാം.
പ്രായം: 17-21 വയസ്. അപേക്ഷകര്‍ 2003 ഒക്ടോബര്‍ ഒന്നിനും 2007 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവർ ആയിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). സര്‍വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്ക് 30 വയസ് വരെ ഇളവ് ലഭിക്കും.
ശാരീരിക യോഗ്യത: 162 സെന്റിമീറ്റര്‍ ഉയരം (കായിക താരങ്ങള്‍ക്കും സര്‍വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്കും ഉയരത്തില്‍ രണ്ട് സെന്റിമീറ്റര്‍ ഇളവ് ലഭിക്കും). നെഞ്ച് അഞ്ച് സെന്റിമീറ്റർ എങ്കിലും വികസിപ്പിക്കാൻ കഴിയണം. പ്രായത്തിനും ഉയരത്തിനും അനുസരിച്ച് ശരീരഭാരം ഉണ്ടായിരിക്കണം. നാല് വര്‍ഷത്തെ സര്‍വീസാണ് ഉണ്ടാവുക. സര്‍വീസ് കാലത്ത് വിവാഹിതയാവാന്‍ പാടില്ല.
സേവാനിധി പാക്കേജ്: ആദ്യ വര്‍ഷം 30,000 രൂപ, രണ്ടാം വര്‍ഷം 33,000 രൂപ, മൂന്നാം വര്‍ഷം 36,500 രൂപ, നാലാം വര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിച്ചത്. എന്നാല്‍, ഇതില്‍ 70 ശതമാനം തുകയാണ് കൈയില്‍ ലഭിക്കുക. ശേഷിക്കുന്ന 30 ശതമാനം (ആദ്യ വര്‍ഷം 9,000 രൂപ, രണ്ടാം വര്‍ഷം 9,900 രൂപ, മൂന്നാം വര്‍ഷം 10,950 രൂപ, നാലാം വര്‍ഷം 12,000 രൂപ) പ്രതിമാസം നീക്കിവയ്ക്കും.
ഇങ്ങനെ നീക്കിവയ്ക്കുന്ന തുകയുടെ കൂടെ സര്‍ക്കാർ അനുവദിക്കുന്ന തുല്യമായ തുകയും ചേര്‍ത്ത് 10.04 ലക്ഷം രൂപ സര്‍വീസ് പൂര്‍ത്തിയാവുമ്പോള്‍ സേവാനിധി പാക്കേജായി ലഭിക്കും. നാല് വര്‍ഷത്തെ സര്‍വീസില്‍ നോണ്‍ കോണ്‍ട്രിബ്യൂട്ടറി ലൈഫ് ഇന്‍ഷുറന്‍സ് കവറേജിനും അര്‍ഹത ഉണ്ടായിരിക്കും. അഗ്‌നിവീര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. പരീക്ഷ ഫീസ് 250 രൂപ ഓണ്‍ലൈനായി അടക്കണം.
ബെംഗളൂരു സോണല്‍ ഓഫീസിന് കീഴിലാണ് കേരളത്തിലെയും മാഹിയിലെയും ലക്ഷദ്വീപിലെയും അപേക്ഷകര്‍ ഉള്‍പ്പെടുന്നത്. വിജ്ഞാപനം സോണല്‍ ഓഫീസ് തിരിച്ച് www.joinindianarmy.nic.in/Authentication.aspx ലഭ്യമാണ്. അവസാന തീയതി മാര്‍ച്ച് 22.