ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് എഫ്.ഐ.ആർ മാത്രം അടിസ്ഥാനമാക്കരുത്; സർക്കുലറുമായി ഗതാഗത കമ്മീഷണർ

Share our post

ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പോലീസ് എഫ്.ഐ.ആർ മാത്രം അടിസ്ഥാനമാക്കരുത് എന്ന് സർക്കുലറുമായി ഗതാഗത കമ്മീഷണർ. കേസിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് കൂടി അന്വേഷണം നടത്തിയിട്ട് വേണം ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന അടക്കമുള്ള നടപടികൾ സ്വീകരിക്കാനെന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത് പറയുന്നു.

സ്വാഭാവിക നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ലൈസൻസ് ചെയ്യുന്നതിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് വാഹനാപകടങ്ങളിൽ പോലീസ് തയ്യാറാക്കുന്ന എഫ്.ഐ.ആർ മാത്രം അടിസ്ഥാനമാക്കിയാണ് നടപടി എടുത്തിരിക്കുന്നത് എന്നും വാഹന ഉടമകൾക്ക് വേണ്ടത്ര സമയം നൽകുന്നില്ലേ എന്നും ഹൈക്കോടതി പല കേസുകളിലും ചോദിച്ചിരുന്നു.

ഇനി മുതൽ സംസ്ഥാനത്ത് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനു മുൻപ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ കേസ് പ്രത്യേകം അന്വേഷിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കണമെന്നും ഗതാഗത കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർക്കാണ് ഗതാഗത കമ്മീഷണർ സർക്കുലർ നൽകിയിരിക്കുന്നത്. മറ്റുചില മാറ്റങ്ങളും ഇതുകൂടാതെ വരുത്തിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിൽ ട്രിപ്പിൾ റൈഡ് ചെയ്യുന്നതിന് ഇനി മുതൽ ലൈസൻസ് സസ്പെൻഡ് ചെയ്യും.

ഇത് കൂടാതെ അപകടകരമായി വാഹനം ഓടിക്കൽ, വാഹനം ഇടിച്ചിട്ട് നിർത്താതെ പോകൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കേസുകളിലും ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് ഗതാഗത കമ്മീഷണർ നൽകിയ ഉത്തരവിൽ പറയുന്നത്. മൂന്നുതവണ മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നതിന് പിടിക്കപ്പെട്ടാലും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!