കോഴിക്കോടുനിന്നുള്ള ഹജ്ജ് യാത്രാനിരക്കിൽ ഇളവ്; 42,000 രൂപ കുറച്ചു

Share our post

തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളംവഴി പോകുന്ന ഹജ്ജ്‌ തീർഥാടകരുടെ യാത്രാക്കൂലി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കുറച്ചു. സംസ്ഥാന ഹജ്ജ് മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2024 ജനുവരി 25-ന് വി. അബ്ദുറഹ്മാൻ നൽകിയ കത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അയച്ച മറുപടിയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

1,65,000 ആയിരുന്നു കോഴിക്കോട് എംബാർക്കേഷൻ പോയിൻറിലേക്ക് എയർ ഇന്ത്യ നിശ്ചയിച്ചിരുന്ന നിരക്ക്. ഇതിൽ 42,000 രൂപയാണ് ഇപ്പോൾ കുറച്ചത്. 1,23,000 രൂപ ആയിരിക്കും കോഴിക്കോട് നിന്നുള്ള പുതിയ നിരക്ക്‌.

ഹജ്ജ് സംബന്ധമായ കാര്യങ്ങളിൽ സമയബന്ധിതമായ നടപടി സ്വീകരിക്കുന്നതായും സംസ്ഥാനം 2023-ൽ ആവശ്യപ്പെട്ടതനുസരിച്ച് എംബാർക്കേഷൻ പോയിൻറുകൾ വർധിപ്പിച്ച സാഹചര്യം 2024-ലും നിലനിർത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. യാത്രാക്കൂലി കുറയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാനം ആവശ്യപ്പെട്ട കാര്യം അനുഭാവപൂർവ്വം പരിഗണിച്ചു.

എംബാർക്കേഷൻ പോയിൻറുകളിൽ വിളിച്ച ടെണ്ടറുകളിൽ ക്വാട്ടുകൾ ലഭിക്കുന്നത് വിവിധ സാങ്കേതിക കാര്യങ്ങൾ മുൻനിർത്തിയാണ്. അതാണ്‌ കോഴിക്കോടിന് നിരക്ക്‌ ഉയർന്നത്‌. സംസ്ഥാനത്തിന്‍റെ താൽപ്പര്യം മുൻനിർത്തിയും തീർഥാടകരുടെ ക്ഷേമം ലക്ഷ്യമിട്ടുമാണ്‌ യാത്രാക്കൂലിയിൽ കുറവ്‌ വരുത്തിയതെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി ഹജ്ജ്‌ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!