തെന്നാലി രാമന്‍ കഥകളുടെ തമിഴ് പുനരാഖ്യാതാവ് അശ്വഘോഷ് അന്തരിച്ചു

Share our post

തമിഴ് എഴുത്തുകാരനും വിവര്‍ത്തകനുമായ അശ്വഘോഷ് അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. രാജേന്ദ്ര ചോളന്‍ എന്നാണ് ശരിയായ പേര്. തമിഴ് സാഹിത്യത്തില്‍ പുതിയ ആഖ്യാനതന്ത്രങ്ങളുമായി കടന്നുവന്ന അശ്വഘോഷിന്റെ ചെറുകഥകള്‍ പ്രശസ്തമാണ്. ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠനം പൂര്‍ത്തിയാക്കിയ അശ്വഘോഷ് മതേതരത്വത്തിന്റെയും ജാതിനിര്‍മാര്‍ജ്ജനത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചെറുകഥകള്‍, നാടകങ്ങള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ തന്റെ പ്രതിഭാത്വം തെളിയിച്ച അശ്വഘോഷ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞ് ഒരേ സമയം ജനപ്രീതിയും രാഷ്ട്രീയ നേതാക്കളുടെ അപ്രീതിയും സമ്പാദിച്ചു.

സെമ്മലര്‍, തീക്കതിർ, കസട തപറ, ആഘ്, കണലി തുടങ്ങിയ മാസികകളില്‍ സ്ഥിരമായി എഴുതി. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ അശ്വഘോഷ് ചെന്നൈയിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രശ്‌നം, ഉദയം തുടങ്ങിയ മാസികകള്‍ പ്രസിദ്ധീകരിച്ചു. തമിഴ്‌നാട് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായിരുന്നു. തമിഴ്‌ ദേശീയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു.

എഴുപതുകളിലാണ് സാഹിത്യമേഖലയിലേക്ക് അശ്വഘോഷ് ചുവടുവെക്കുന്നത്. അരനൂറ്റാണ്ടു കാലം തുടര്‍ച്ചയായി വിവിധ മാസികകളില്‍ കഥകളും ലേഖനങ്ങളുമെഴുതി. തമിഴ് സാഹിത്യത്തിലെ ആധുനികതയ്‌ക്കൊപ്പം ചേര്‍ത്തുവെച്ച പേരാണ് അശ്വഘോഷിന്റേത്.

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി പൊതു ഇടങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. മരണശേഷം കണ്ണുകള്‍ ദാനം ചെയ്യാനും ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനും ആഗ്രഹിച്ചതുപ്രകാരം മൃതദേഹം മാര്‍ച്ച് ഒന്നിന് വൈകിട്ടോടെ സര്‍ക്കാര്‍ ആശുപത്രി ഏറ്റുവാങ്ങും.

അശ്വഘോഷിന്റെ നിര്യാണത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കളും സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!