മേല്‍ക്കൂര സൗരോര്‍ജ പദ്ധതിക്ക് അംഗീകാരം

ന്യൂഡല്‍ഹി : രാജ്യത്തുടനീളം ഒരു കോടി വീടുകളില്‍ മേല്‍ക്കൂര സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള 75000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് തീരുമാനം എടുത്തത്. ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതാണ് ‘പി.എം സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജന’.
മേല്‍ക്കൂരയില്‍ സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. ഓരോ കുടുംബത്തിനും ഒരു കിലോ വാട്ട് സിസ്റ്റത്തിന് 30000 രൂപയും രണ്ട് കിലോ വാട്ട് സിസ്റ്റത്തിന് 60000 രൂപയും സബ്‌സിഡി ലഭിക്കുമെന്ന് മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.