സ്വകാര്യ ആസ്പത്രികളിൽ നാല് ലക്ഷത്തോളം ചെലവ് വരുന്ന ടിപ്സ് ചികിത്സ; കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യം
        ഗാന്ധിനഗർ(കോട്ടയം): ലിവർ സിറോസിസ് മൂർഛിച്ചുണ്ടാകുന്ന വയറ്റിലെ അനിയന്ത്രിതമായ വെള്ളക്കെട്ട്, രക്തം ഛർദ്ദിക്കൽ എന്നീ അസുഖങ്ങൾക്കുള്ള അതിനൂതന ചികിത്സാരീതിയായ ‘ടിപ്സ്’ (ട്രാൻസ്ജുഗുലാർ ഇൻട്രാഹെപ്പാറ്റിക് പോർട്ടോസിസ്റ്റമിക് ഷണ്ട്) കോട്ടയം മെഡിക്കൽ കോളേജിലും. ഞായറാഴ്ച രണ്ടുപേർക്ക് ചികിത്സ വിജയകരമായി നടത്തി.
ടിപ്സ് എന്നാൽ
ലിവർ സിറോസിസ് ബാധിച്ച് മൂർധന്യാവസ്ഥയിൽ എത്തുന്ന പലർക്കും വയറ്റിൽ ഉണ്ടാവുന്ന അനിനിയന്ത്രിതമായ വെള്ളക്കെട്ടും മൂക്കിലൂടെ രക്തസ്രാവവും പതിവാണ്. ഇത് നിയന്ത്രിക്കുകയാണ് ‘ടിപ്സ്’ചെയ്യുന്നത്.
കരളിലേക്ക് രക്തമെത്തുന്നത് പോർട്ടൽ വെയിൻ എന്ന രക്തക്കുഴലിലൂടെയാണ്. ലിവർ സിറോസിസ് മൂലം രക്തസമ്മർദ്ദം കൂടി ഇത് അടയുന്നു. ‘ടിപ്സ്’ ചികിത്സയിൽ ചെറിയ ഞരമ്പിലൂടെ സ്റ്റെൻഡ് കടത്തിവിട്ട് ബൈപ്പാസ് ചെയ്യുന്നു.
ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തത്തിന്റെ ഒഴുക്ക് വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യം പഴയസ്ഥിതിയിലേക്ക് എത്താൻ സഹായിക്കുമെന്ന് ഇൻറർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. അശ്വിൻ പത്മനാഭൻ പറഞ്ഞു.
സമീപഭാവിയിൽ ദിവസം നാലുപേർക്കുവരെ ചികിത്സ നൽകാനാകുമെന്നാണ് പ്രതീക്ഷ. കോട്ടയത്ത് ഒരു സ്വകാര്യ ആസ്പത്രിയിൽ മാത്രമാണ് നിലവിൽ ഇത് ചെയ്തുവരുന്നത്. സ്വകാര്യ ആസ്പത്രികളിൽ കുറഞ്ഞത് നാല് ലക്ഷത്തോളം രൂപ ചെലവ് വരും.
തമിഴ്നാട് വെല്ലൂർ സി.എം.സി. ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം തലവൻ ഡോക്ടർ ശ്യാം കേശവന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടത്തിയത്.
കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവി ഡോ. സജിത എന്നിവരുടെ പിന്തുണയോടെ നടത്തിയ പ്രവർത്തനത്തിൽ ഡോ. അശ്വിൻ പത്മനാഭന്റെ നേതൃത്വത്തിലുള്ള ഇന്റർവെൻഷനൽ റേഡിയോളജി ടീം നേതൃത്വംവഹിച്ചു.
