ഇവർ പറയുന്നു ‘മെഷീൻ പോസിബിൾ’

കണ്ണൂർ : പാപ്പിനിശ്ശേരി സ്വദേശിനി എഴുപതുകാരിയായ സുമാലിനി തികഞ്ഞ ഉത്സാഹത്തിലായിരുന്നു. സുരക്ഷയ്ക്കായി ഹെൽമെറ്റും ഗോഗിൾസും ധരിച്ചു. ജാക്കറ്റണിഞ്ഞ് തയ്യാറായി. പിന്നെ കാടുവെട്ടുയന്ത്രവും ടില്ലറും പ്രവർത്തിപ്പിച്ചുതുടങ്ങി.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജെ.എൽ.ജി. (പരസ്പര സഹകരണസംഘം) അംഗങ്ങൾക്ക് ആധുനിക കാർഷികോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായുള്ള പരിശീലനത്തിലാണ് സുമാലിനിയെപ്പോലെ നിരവധി വനിതകൾ രംഗത്തിറങ്ങിയത്. 60 പിന്നിട്ട അഞ്ച് വനിതകളാണ് ആദ്യസംഘത്തിലുള്ളത്. ജില്ലയിലെ ഓരോ ഡി.ഡി.എസിൽ നിന്നുള്ള രണ്ട് വനിതകൾ വീതം 124 പേർക്കാണ് പരിശീലനം നൽകുക.
നിലമൊരുക്കുന്നതിനുള്ള ടില്ലർ, മരുന്നടിക്കുന്നതിനുള്ള സ്പ്രെയർ, കാടുവെട്ടാനുള്ള വീഡ് കട്ടർ എന്നിവ കൈകാര്യംചെയ്യുന്നതിനുപുറമെ തെങ്ങുകയറ്റത്തിലും പരിശീലനം നൽകും. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പരിശീലനം.
ആദ്യഘട്ട പരിശീലനം കോർപ്പറേഷൻ കൗൺസിലർ കെ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ പി.ഒ.ദീപ അധ്യക്ഷത വഹിച്ചു. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ഭാരവാഹികൾ ക്ലാസെടുത്തു. ജില്ലാ പ്രോഗ്രാം മാനേജർ സൈജു പദ്മനാഭൻ, ശ്രുതി, കവിത, ഷിബിൻ എന്നിവർ നേതൃത്വം നൽകി. രണ്ടാംഘട്ട പരിശീലനം മാർച്ച് ആദ്യവാരം നടക്കും.
കാർഷിക ഉപജീവന മേഖലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കൃഷി വ്യാപിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത്തരം പരിശീലനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.എം.സുർജിത് പറഞ്ഞു.