ഗ്യാന്‍വാപി മസ്ജിദില്‍ പൂജ അനുവദിച്ച ജില്ലാ ജഡ്ജിക്ക് വിരമിക്കലിന് പിന്നാലെ ലോക്പാലായി നിയമനം

വാരാണസി: ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കിയ ജില്ലാ കോടതി ജഡ്ജിക്ക് വിരമിച്ചതിന് പിന്നാലെ ലോക്പാലായി നിയമനം.
ലഖ്‌നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റിഹാബിലിറ്റേഷന്‍ സര്‍വകലാശാലയുടെ ലോക്പാലായി വരാണാസി ജില്ലാ കോടതി റിട്ട. ജഡ്ജി എ.കെ. വിശ്വേശയെ നിയമിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് നിയമനം നടത്തിയത്.
ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സര്‍വകലാശാലയുടെ ഓംബുഡ്‌സ്മാനായി മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വിരമിക്കല്‍ ദിനമായ ജനുവരി 31-നാണ് എ.കെ. വിശ്വേശ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ജില്ലാ ഭരണകൂടത്തിന് അനുമതി നൽകി ഉത്തരവിട്ടത്.
നിലവറയിലേക്കു പ്രവേശിക്കുന്നതു തടയുന്ന വേലികള്‍ നീക്കംചെയ്യുന്നതുള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏഴുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും വിശ്വനാഥ ക്ഷേത്രത്തിലെ പുരോഹിതരാണ് ഇവിടെ പൂജ നടത്തേണ്ടതെന്നും ജഡിജിയായിരുന്ന എ.കെ. വിശ്വേശ നിര്‍ദേശിച്ചിരുന്നു. ആരാധന നടത്താനുള്ള അനുമതി പിന്നീട് അലഹബാദ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.