വേനൽ കടുക്കുന്നു; പശുക്കൾക്ക് വേണം സംരക്ഷണം

വേനൽ കടുക്കുകയാണ്. ഇത് വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് കൂടുന്നതനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി അവയുടെ ശ്വസന നിരക്കും വിയർപ്പും വർധിക്കും. നിർജലീകരണം പശുക്കളെ രോഗാവസ്ഥയിലേക്ക് എത്തിക്കും. നിർജലീകരണം രണ്ട് ശതമാനം സാധാരണവും നാല് ശതമാനത്തിൽ മുകളിൽ മാരകവുമാണ്. സൂര്യാഘാതവും ശ്രദ്ധിക്കണം.
ലക്ഷണങ്ങൾ
മൂക്ക്, മോണ, കൺപോള എന്നിവ വരളുക, ചുണ്ടുകൾ നക്കുക, മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകൾ, ഭാരക്കുറവ്, ശരീരം ശോഷിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, ചലനമറ്റ് കിടക്കുക, തീറ്റ കുറയുക തുടങ്ങിയവയാണ് നിർജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
പ്രാഥമിക ചികിത്സ
ശരീരത്തിൽനിന്ന് നഷ്‌ടമായ ജലം ഉടൻ നിശ്ചിത അളവിൽ തിരികെ നൽകുക എന്നതാണ് പ്രാഥമിക ചികിത്സ. നിർജലീകരണ ശതമാനം 8 ശതമാനത്തിനുമുതൽ സിരകളിൽ കൂടി ഇലക്ട്രോളിറ്റ് ലായനികൾ നിർബന്ധമായും കുത്തിവയ്ക്കണം. 100 കിലോഗ്രാം ഭാരമുള്ള ഒരു മൃഗത്തിന് 8 ശതമാനം നിർജലീകരണം ഉണ്ടെങ്കിൽ അതിന് ഉടൻ 8 ലിറ്റർ വെള്ളം നൽകണം. നിർജലീകരണം തടയുന്നതിന് ലവണ മിശ്രിതവും ലായനികളും (ഇലക്‌ട്രോലൈറ്റുകൾ) ലഭ്യമാണ്. ഇവ തീറ്റയിലോ വെള്ളത്തിലോ കലർത്തി നൽകാം. ചൂടിനെ അതിജീവിക്കാൻ 6 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് മണിക്കൂർ ഇടവിട്ട് പകൽ സമയത്ത് കൊടുക്കണം. അല്ലെങ്കിൽ 6 ടീസ്പൂൺ അഞ്ച് കിലോഗ്രാം തീറ്റയിൽ ഇടവിട്ട് നൽകണം. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവിൽ ഒന്നുമുതൽ രണ്ട് മടങ്ങുവരെ പശുക്കൾക്ക് ആവശ്യം വരുന്നതായി കണക്കാക്കുന്നു.
ഒരു ദിവസം നൽകേണ്ട വെള്ളം
5 മാസം പ്രായം – 12 ലിറ്റർ.
1 ½ വയസ്സ് – 24 ലിറ്റർ.
2 വയസ്സ് – 32 ലിറ്റർ.
ദിവസം 15 ലിറ്റർ പാൽ തരുന്ന പശുവിന് 60 ലിറ്റർ, 25 ലിറ്റർ പാൽ തരുന്നതിന് 100 ലിറ്റർ, കറവ വറ്റിയവയ്ക്കും ഗർഭിണികൾക്കും 40 ലിറ്റർ എന്ന അളവിൽ വേണം വെള്ളം നൽകേണ്ടത്.
പ്രതിരോധ മാർഗങ്ങൾ
തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക്, വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കണം. തൊഴുത്തിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കണം.
* വേനൽകാലത്ത് പകൽ പത്ത് മുതൽ മൂന്നുവരെ വെയിലത്ത് കെട്ടിയിടരുത്. ഈ സമയത്ത് മേയാൻ വിടരുത്.
* വേനൽക്കാലത്ത് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം. മാംസ്യത്തിന്റെയും ഊർജദായകമായ കൊഴുപ്പിന്റെയും അളവുകൂട്ടണം. നാരിന്റെ അംശം കുറയ്‌ക്കണം.
* ഖരാഹാരം രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കിൽ പച്ച ഇലകൾ, ഈർക്കിൽ കളഞ്ഞ പച്ചയോല തുടങ്ങിയവയും നൽകാം. അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങൾക്ക് ബൈപാസ് പ്രോട്ടീനുകളും ബൈപാസ് ഫാറ്റുകളും നൽകാം. 100 ഗ്രാം ധാതുലവണം, 50 ഗ്രാം ഉപ്പും 25 ഗ്രാം അപ്പക്കാരവും വൈറ്റമിൻ എ, ഡി, ഇ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
* പേൻ, ചെള്ള്, ഈച്ച എന്നിവ പെരുകുന്നത് തടയണം. ശുദ്ധജലം യഥേഷ്ടം കുടിക്കാൻ കൊടുക്കണം.
* എരുമകളെ ചൂടുമൂലമുള്ള സമ്മർദം കുറയ്ക്കുന്നതിന് വെള്ളത്തിൽ കുറേനേരം കിടത്തുന്നതോ, വെള്ളം നിരവധി തവണ ദേഹത്തൊഴിക്കുന്നതോ നല്ലതാണ്.
* തൊഴുത്തിൽ മുഴുവൻ സമയവും ശുദ്ധജല ലഭ്യത ഉറപ്പാക്കണം.
* തീറ്റ നൽകുമ്പോൾ വൈക്കോൽ രാത്രികാലങ്ങളിലും പച്ചപ്പുല്ല് ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമായി നൽകണം.
*അരി, കഞ്ഞി, ധാന്യങ്ങൾ, കപ്പ തുടങ്ങിയവ ചൂടുകൂടിയ സമയങ്ങളിൽ നൽകുന്നത് ഒഴിവാക്കണം.
* വേനൽക്കാലത്തിന് മുമ്പേ ഉരുക്കൾക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവയ്‌പ്പുകളും നൽകിയിരിക്കണം.
* പച്ചപ്പുല്ലിന് ക്ഷാമമുള്ള സമയത്ത് സൈലേജ് ഉപയോഗിക്കാം. ഒരു പശുവിന് ഒരു ദിവസം പത്ത് കിലോ സൈലേജ് കൊടുക്കാം. പച്ചപ്പുല്ലിനോളം തന്നെ പോഷകഗുണവും വൈക്കോലിനേക്കാൾ ഗുണമേന്മയിൽ ഏറെ മുന്നിലുമാണ് സൈലേജ്.
* പോഷകക്കുറവ് പരിഹരിക്കാൻ അസോള ഒരു പരിധിവരെ സഹായിക്കും. ദിവസവും രണ്ടുകിലോ വീതം അസോള കാലിത്തീറ്റയിൽ കലർത്തി നൽകുന്നതിലൂടെ പത്ത് ശതമാനംവരെ തീറ്റച്ചെലവ് ലാഭിക്കാം.