ഹോട്ട്‌സ്റ്റാറും സ്റ്റാര്‍ സ്‌പോര്‍ട്‌സും ഇനി റിലയന്‍സിന്റെ നിയന്ത്രണത്തില്‍; പുതിയ മാധ്യമ കമ്പനി

കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും വാള്‍ട്ട് ഡിസ്‌നി കമ്പനിയും പുതിയ സംയുക്ത സംരംഭം രൂപിക്കുന്നു. റിലയന്‍സും ഡിസ്‌നിയും ചേര്‍ന്നുള്ള ലയനം പൂര്‍ത്തിയായതോടെ രാജ്യത്തെ ഏറ്റവും വലിയ വിനോദ മാധ്യമ സ്ഥാപനത്തിനാണ് തുടക്കമായത്. പുതിയ സംയുക്ത സംരംഭത്തില്‍ റിലയന്‍സ് 11500 കോടി രൂപ നിക്ഷേപിക്കും. നിത എം. അംബാനി പുതിയ കമ്പനിയുടെ ചെയര്‍പേഴ്‌സണ്‍ ആകും. ഉദയ് ശങ്കറാണ് വൈസ് ചെയര്‍പേഴ്‌സണ്‍.
കരാര്‍ അനുസരിച്ച് ഈ സംയുക്ത സംരംഭത്തിന്റെ നിയന്ത്രണം റിലയന്‍സിനാവും. 16.34 % ഓഹരി റിലയന്‍സിനും 46.82% വയാകോം 18 നും 36.84 % ഡിസ്നിയ്ക്കും സ്വന്തമാകും. കളേഴ്‌സ്, സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ ഗോള്‍ഡ്, സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ്, സ്‌പോര്‍ട്‌സ് 18 തുടങ്ങി രാജ്യത്തെ നിരവധി മുന്‍നിര വിനോദ കായിക ചാനലുകള്‍ പുതിയ കമ്പനിയുടെ കീഴിലേക്ക് വരും.
ജിയോ സിനിമ, ഹോട്ട്സ്റ്റാര്‍ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളും ഇതിന് കീഴില്‍ വരും. മൊത്തം 750 മില്യണ്‍ കാഴ്ചക്കാരുടെ പിന്‍ബലത്തിലാണ് പുതിയ മാധ്യമ കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഇന്ത്യന്‍ വിനോദ വ്യവസായത്തില്‍ നാഴികകല്ലായി പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതാണ് ഈ കരാര്‍.