ചുട്ടുപൊള്ളുന്ന മലയോരം; ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് മാതൃകയായി പേരാവൂർ

Share our post

പേരാവൂർ: ചുട്ടുപൊള്ളുന്ന വേനലിൽ രൂക്ഷമായ ജലക്ഷാമം മുന്നിൽകണ്ട് വൈവിധ്യമാർന്ന ജല സംരക്ഷണ പ്രവർത്തനങ്ങൾകൊണ്ട് മാതൃകയാവുകയാണ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്. ഹരിത കേരളമിഷന്റെ സഹായത്തിൽ സംസ്ഥാനത്തെ ആദ്യ മാതൃക പദ്ധതിയായി സർക്കാർ അംഗീകരിച്ച ‘ജലാഞ്ജലി’ പദ്ധതിയെ തൊഴിലുറപ്പ് മിഷന്റെ നീരുറവ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് പേരാവൂർ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളും ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിവരുന്നത്. സംസ്ഥാനത്ത് ജലബജറ്റ് നടപ്പിലാക്കിയ 14 ബ്ലോക്കിൽ ഒന്നാണ് പേരാവൂർ.

താത്കാലിക തടയണകൾ നിർമിച്ചും തോടുകൾക്ക് സംരക്ഷണ ഭിത്തികളൊരുക്കിയും കിണർ റീചാർജിങ്ങും കുളങ്ങളുടെ പരിപാലനവും കയർ ഭൂവസ്ത്രവും തുടങ്ങി വിവിധ ജലസംരക്ഷണ പ്രവൃത്തികളാണ് മലയോരത്ത് നടന്നു വരുന്നത്. മലയോരത്തെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ബാവലിപ്പുഴ, ചീങ്കണ്ണിപ്പുഴ, ചെക്കേരിപ്പുഴ, ഇടുമ്പപ്പുഴ, കാഞ്ഞിരപ്പുഴ എന്നിവ വേനൽ കനക്കുന്നതോടെ വറ്റിവരളും. കൃഷിക്കും കുടിവെള്ളത്തിനും ക്ഷാമമുണ്ടാവുന്നത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ജലസംരക്ഷണത്തിനായി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ പുഴകളിലും തോടുകളിലും 3664 താത്കാലിക തടയണകൾ പണിതത്. മലയിടിച്ചിലും വെള്ളക്കുത്തൊഴുക്കുമുള്ളതിനാൽ സ്ഥിരം തടയണകൾ നിർമിച്ച് വെള്ളം ശേഖരിക്കുകയെന്നത് അസാധ്യമായ സാഹചര്യത്തിലാണ് താത്കാലിക തടയണകൾ നിർമിച്ചത്.

കോളയാട് 1306, പേരാവൂർ 1274, മുഴക്കുന്ന് 430, കണിച്ചാർ 239, കൊട്ടിയൂർ 228, കേളകം 174, മാലൂർ 13 എന്നിങ്ങനെയാണ് ജൈവ തടയണകൾ നിർമിച്ചത്. പുഴകളിൽ നിന്നുതന്നെയുള്ള കല്ലും ജൈവ വസ്തുക്കളും ഉപയോഗിച്ചാണ് പഞ്ചായത്തുകൾ താത്കാലിക തടയണ തീർത്തത്. മാർച്ചോടെ 1500 തടയണകൾ കൂടി പേരാവൂർ ബ്ലോക്കിൽ പൂർത്തിയാകും. ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ പ്രദേശത്തെ സാധാരണക്കാരായ തൊഴിലാളികൾക്ക് 15 കോടി രൂപയുടെ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്.

‘ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക്’ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മുഴുവൻ സർക്കാർ, അർധ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കിണറുകൾ തൊഴിലുറപ്പ് പദ്ധതിയിൽ റീ ചാർജ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പേരാവൂർ ബ്ലോക്ക്. മുൻ വർഷങ്ങളിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ താത്കാലിക തടയണകൾ തൊഴിലുറപ്പ് പദ്ധതിവഴി സൃഷ്ടിക്കുന്ന മാതൃകാ ബ്ലോക്ക് കൂടിയാണ് പേരാവൂർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!