സാമൂഹിക വിരുദ്ധരുടെ ക്രൂരത; നായക്കുട്ടികളെ ടാറിൽ മുക്കി മരത്തിൽ കെട്ടിയിട്ടു

തെരുവുനായക്കുട്ടികളെ കൈകാലുകൾ ബന്ധിച്ചശേഷം ടാറിൽമുക്കി മരത്തിൽ കെട്ടിയിട്ട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. ഇടവ ഓടയം മിസ്കിൻ തെരുവിലാണ് ചെറിയ പ്രായത്തിലുള്ള രണ്ട് നായക്കുട്ടികളോട് മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരത അരങ്ങേറിയത്. പീപ്പിൾസ് ഫോർ അനിമൽസ് (പി.എഫ്.എ.) എന്ന സംഘടന ഇടപെട്ടാണ് നായക്കുട്ടികൾക്ക് ചികിത്സ നൽകുന്നത്. പാപനാശത്ത് താമസിക്കുന്ന മൃഗസ്നേഹിയായ റഷ്യൻ വനിത പോളിനയുടെ സംരക്ഷണത്തിലാണ് ഇവ കഴിയുന്നത്. കഴിഞ്ഞ 20-നാണ് മിസ്‌കിൻ തെരുവിൽ കൈകാലുകൾ കെട്ടിയ ശേഷം റോഡ് പണിക്കുള്ള ടാറിൽമുക്കിയ നിലയിൽ നായക്കുട്ടിയെ നാട്ടുകാർ കണ്ടത്.
പി.എഫ്.എ. വളൻ്റിയറായ ഇടവ വെൺകുളം സ്വദേശി അഹമ്മദ് ഇതറിഞ്ഞ് സ്ഥലത്തെത്തുകയും വിവരം പി.എഫ്.എ.യെ അറിയിക്കുകയും ചെയ്തു. അവരുടെ നിർദേശപ്രകാരമാണ് പോളിനയും ശ്രീജിത്ത് എന്നയാളും എത്തിയത്. ഇവർ നായക്കുട്ടികളെ പുത്തൻചന്തയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്‌ടറുടെ അടുത്തെത്തിച്ചു. ശരീരത്തിൽ 70 ശതമാനത്തോളം ടാർ ഉണ്ടായിരുന്നു. കൂടാതെ മുറിവുകളും. ഈ നായക്കുട്ടിയെ കണ്ടതിന് 200 മീറ്റർ അകലെയായി 25-ന് ഇതേരീതിയിൽ മറ്റൊരു നായക്കുട്ടിയെയും കണ്ടെത്തി. കൈകാലുകൾ ബന്ധിച്ച് ടാറിൽ മുക്കി മരത്തിൽ കെട്ടിയിട്ട നിലയിലായിരുന്നു. ഇതിനെയും ഡോക്‌ടറുടെ അടുത്തെത്തിച്ചു.
ഈ സ്ഥലത്ത് റോഡ് പണിക്കായി വീപ്പകളിൽ ടാർ ശേഖരിച്ചുവെച്ചിരുന്നു. അതിലാകാം നായകളെ മുക്കിയതെന്ന് സംശയിക്കുന്നു. ഇവയുടെ ശരീരത്തിൽനിന്നും ടാർ പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ അപകടാവസ്ഥയും തരണം ചെയ്‌തിട്ടില്ല. മുറിവുകളിൽ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. പോളിനയുടെ താമസസ്ഥലത്ത് പാർപ്പിച്ച് ചികിത്സ നൽകിവരികയാണ്. മാസങ്ങൾ മാത്രം പ്രായമുള്ള നായക്കുട്ടികളോട് കാട്ടിയ ക്രൂരതയിൽ മൃഗസ്നേഹികൾക്ക് വലിയ പ്രതിഷേധമുണ്ട്. അയിരൂർ പോലീസിൽ പരാതി നൽകി.