ഇരിട്ടി : പായം പഞ്ചായത്തിലെ മാടത്തിൽ കല്ലുമുട്ടിയിൽ ആധുനികരീതിയിലുള്ള ഷോപ്പിങ് കോംപ്ലക്‌സും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് കീഴിൽ മൾട്ടി പ്ലക്‌സ് തീയേറ്ററും സ്ഥാപിക്കുന്നതായുള്ള വാർത്ത ഏറെ പ്രതീക്ഷയോടെയാണ് മലയോര ജനത കണ്ടത്.
ആ പ്രതീക്ഷകളെയൊക്കെ അസ്ഥാനത്താക്കുന്നരീതിയിലുള്ള നടപടികളും പ്രവർത്തനങ്ങളുമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കിഫ്ബിയിൽനിന്നും കോടികൾ മുടക്കി സ്ഥാപിച്ച ഷോപ്പിങ് കോംപ്ലക്‌സ് ഏറ്റെടുക്കാൻ പോലും സംരംഭകർ മുന്നോട്ടുവരാത്ത സാഹചര്യം.
മൾട്ടിപ്ലക്‌സ് തിയേറ്ററിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി രണ്ട് വർഷത്തോടുത്തിട്ടും ടെൻഡർ പോലും നടക്കാത്ത അവസ്ഥ. ആറുമാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതിക്ക് ഒച്ചിന്റെ വേഗം പോലും ഇല്ല. പദ്ധതിക്കായി മുന്നിട്ടിറങ്ങിയവർക്ക് പഴയ ആവേശവും കാണുന്നില്ല. പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിനെതിരെ പഞ്ചായത്ത് ആശങ്ക അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ ഒൻപതിന് കെ.എസ്.എഫ്.ഡി.സി. പ്രോജക്ട് മാനേജർ സ്ഥലം സന്ദർശിച്ചത് പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
പദ്ധതിച്ചെലവ് കോടികളിൽ നിന്ന് കോടികളിലേക്ക്
സർക്കാർ ഫണ്ട് അനുവദിച്ച് ഒരു വർഷം കഴിഞ്ഞിട്ടും കിഫ്ബി ബോർഡ് യോഗം ചേർന്ന് അംഗീകാരം നൽകാത്തതാണ് ടെൻഡർ നടപടികളിലേക്കു നീങ്ങാൻ തടസ്സമെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. തലശ്ശേരി-കുടക് അന്തസ്സംസ്ഥാന പാതയിൽ പൂർത്തിയാക്കിയ ബഹുനില കെട്ടിട സമുച്ചയം ഇപ്പോൾ നോക്കുകുത്തിയായി മാറി. 2022 മേയ് 18-ന് മന്ത്രി സജി ചെറിയാനാണ് തിയേറ്റർ നിർമാണം ഓൺലൈനായി ഉദ്ഘാടനം നടത്തിയത്. കിഫ്ബിയിൽപ്പെടുത്തി ആദ്യ ഘട്ടത്തിൽ 5.88 കോടി രൂപയാണ് അനുവദിച്ചത്. അടങ്കൽ തയാറാക്കിയപ്പോൾ 7.22 കോടി രൂപയായി വർധിച്ചു.
ഇതിന് സർക്കാർ അനുമതി നൽകിയെങ്കിലും കിഫ്ബി നടപടിക്രമങ്ങൾ വൈകുകയാണ്. ആധുനിക നിലവാരത്തിലുള്ള ഡോൾബി സംവിധാനങ്ങളും ഇരിപ്പിട സൗകര്യങ്ങളും ക്രമീകരണങ്ങളും ആയി 150 സീറ്റുകൾ വീതം ഉള്ള രണ്ട് തിയേറ്ററുകളാണ് പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നത്. തിയേറ്ററിന്റെ രൂപരേഖ മുംബൈയിൽനിന്നുള്ള ആർകിടെക്ട് രാഹുൽ ജാവെരി സ്ഥലം സന്ദർശിച്ച് 20 മാസം മുൻപ് തയ്യാറാക്കിയതാണ്.
വകുപ്പുതലത്തിലും കിഫ്ബി അധികൃതരുടെയും ചലച്ചിത്ര വികസന കോർപറേഷൻ അധികൃതരുടെയും ഭാഗത്തു നിന്നും ഉള്ള മെല്ലെപ്പോക്കും ഉദ്യോഗസ്ഥരുടെ മാറ്റവും ഉൾപ്പെടെയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പായം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 80 സെന്റിൽ ഏഴു കോടി രൂപ ചെലവിട്ടാണ് മൾട്ടിപ്ലക്‌സ് തിയേറ്റർ ഒരുക്കുന്നതിനായി പഞ്ചായത്ത് അഞ്ചുനില കെട്ടിടം പണിതത്.
താഴത്തെ നിലയിൽ പാർക്കിങ്, രണ്ട് നിലകളിൽ വ്യാപാര സ്ഥാപനങ്ങൾ, മൂന്നും നാലും നിലകൾ ഉൾപ്പെടുത്തി രണ്ട് തിയേറ്ററുകൾ എന്നിവയാണ് പദ്ധതിയിൽ ഉണ്ടായിരുന്നത്. തിയേറ്റർ പണി സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ വ്യാപാരസ്ഥാപനങ്ങൾക്കുള്ള സ്ഥലം ഏറ്റെടുക്കാനും ആരും തയ്യാറാകുന്നില്ല.