മണ്ഡലങ്ങള്‍ വെച്ചുമാറി; മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീര്‍, പൊന്നാനിയില്‍ സമദാനി

Share our post

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കും. മലപ്പുറത്ത് സമദാനിയും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും സിറ്റിങ് എം.പിമാരാണ്. ഇത്തവണ ഇരുവരും മണ്ഡലം വെച്ചുമാറുകയാണ് ഉണ്ടായത്. തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലേക്കും ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സിറ്റിങ് എം.പി നവാസ് കനി തന്നെയാണ് ഇത്തവണയും മത്സരിക്കുക.

ഇ.ടി.മുഹമ്മദ് ബഷീര്‍- മലപ്പുറം

പൊന്നാനിയില്‍ ഹാട്രിക് വിജയം നേടിയ ശേഷം മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കന്നിയങ്കം. നാല് തവണ നിയമസഭാ അംഗമായിരുന്നു. കെ. കരുണാകരന്‍ , എ.കെ. ആന്റണി , ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. മലപ്പുറം വാഴക്കാട് സ്വദേശിയായ ഇ.ടി.മുഹമ്മദ് ബഷീര്‍ 2009 മുതല്‍ ലോക്‌സഭയില്‍ പൊന്നാനിയെ പ്രതിനിധീകരിക്കുന്നുണ്ട്.

അബ്ദുസമദ് സമദാനി- പൊന്നാനി

എഴുത്തുകാരനും വാഗ്മിയുമായ അബ്ദുസമദ് സമദാനി മലപ്പുറത്തെ സിറ്റിങ് എം.പിയാണ്.
പതിനേഴാം ലോക്‌സഭാംഗമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനേത്തുടര്‍ന്ന് 2021-ല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് സമദാനി എം.പിയായത്. മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ സമദാനി പൊന്നാനിയില്‍ കന്നിയങ്കത്തിനാണിറങ്ങുന്നത്. 2011 മുതല്‍ 2016 വരെ നിയമസഭയിലും 1994 മുതല്‍ 2006 വരെ രാജ്യസഭയിലും അംഗമായിരുന്നു സമദാനി.

നവാസ് കനി-രാമനാഥപുരം

തമിഴ്‌നാട്ടില്‍ മുസ്‌ലിം ലീഗിന്റെ ഏക ലോക്‌സഭാ അംഗമാണ്. രാമനാഥപുരത്തെ സിറ്റിങ് എം.പി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!