സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം ഉടമയുടെ അവകാശം- സുപ്രീംകോടതി
ന്യൂഡൽഹി: ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നൽകുന്നത് സർക്കാരിന്റെ കാരുണ്യ പ്രവർത്തനമല്ലെന്നും അത് ഉടമയുടെ അവകാശമാണെന്നും സുപ്രീംകോടതി. സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകുമ്പോൾ സർക്കാർ വലിയ കാരുണ്യ പ്രവർത്തനം നടത്തിയെന്ന രീതിയിൽ ഉയർത്തിക്കാട്ടേണ്ടതില്ലെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2002-ൽ ഏറ്റെടുത്ത ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാത്തതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഗാസിയാബാദ് ഡെവലപ്മെൻ്റ് അതോറിറ്റിയുടെ (ജി.ഡി.എ.) ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ ഹർജിയിലെ ഉത്തരവിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
കോടതിയലക്ഷ്യ നോട്ടീസ് അയച്ചശേഷം 2023 ഡിസംബറിലാണ് നഷ്ടപരിഹാരം നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.