ഡ്രൈവിംഗ് ലൈസൻസ് അച്ചടിച്ചതിന്റെ കുടിശ്ശിക നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസ്- ആർ.സി .ബുക്ക് അച്ചടിക്കുള്ള പ്രതിസന്ധിക്ക് പരിഹാരമാകുന്നു. അച്ചടി കമ്പനികള്‍ക്കുള്ള കുടിശിക നൽകാനായി 15 കോടി രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുടിശിക കാരണം അഞ്ചുമാസമായി സംസ്ഥാനത്ത് ലൈസൻസ് അച്ചടി നിർത്തിവച്ചിരിക്കയായിരുന്നു. ഡ്രൈവിംഗ് പരീക്ഷ ജയിച്ചവർക്ക് ലൈസൻസ് കൈയിൽ കിട്ടാത്തതിനാൽ വാഹനവുമായി പുറത്തിറങ്ങാനാകുന്നില്ല, വാഹനം വാങ്ങിയിട്ടും ആർ.സി ബുക്ക് ലഭിക്കാത്തിനാൽ വണ്ടി നിരത്തിലിറക്കാനാകുന്നില്ല.
ഈ പ്രതിസന്ധി പരിഹരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ബംഗല്ലൂരു ആസ്ഥാനമായ ഐ.ടി.ഐ ലിമിറ്റഡ് എന്ന കമ്പനിയുമായാണ് മോട്ടോർ വാഹനവകുപ്പ് അച്ചടിക്ക് കരാർ നൽകിയത്. കരാറിൽ ധനവകുപ്പ് ചില ചോദ്യങ്ങള്‍ ഉന്നയിച്ചതോടെയാണ് പണം തടഞ്ഞുവച്ചത്.
അങ്ങനെ കുടിശിക കൂടിയപ്പോള്‍ കമ്പനി അച്ചടിയും നിർത്തിവച്ചു. 9 ലക്ഷത്തി 50,000 അപേക്ഷകളാണ് കെട്ടികിടക്കുന്നത്. കുടിശിക വരുത്തിയതിനാൽ സി-ഡിറ്റ് നൽകിയിരുന്ന ഫെസിലിറ്റി മാനേജുമെന്‍റ് സർവ്വീസുകളും നിർത്തി. ഇതിനെല്ലാം പുറമേ രേഖകള്‍ തപാൽ മാർഗം അയച്ചതിൽ ആറു കോടി പോസ്റ്റൽ വകുപ്പിനും നൽകാനുണ്ട്