ഹിമാചലില്‍ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍: മന്ത്രി വിക്രമാദിത്യ സിങ് രാജിവെച്ചു

ഷിംല: ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നു. വിമത നീക്കത്തിലൂടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പിന്നാലെയാണ് പാര്‍ട്ടിയും സര്‍ക്കാരും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. മന്ത്രിയും പി.സി.സി അധ്യക്ഷ പ്രതിഭാ സിങിന്റെ മകനുമായ വിക്രമാദിത്യ സിങ് സ്ഥാനം രാജിവെച്ചു. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകനാണ് വിക്രമാദിത്യ സിങ്. തന്റെ പിതാവിന്റെ പേര് ഉപയോഗിച്ചാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അതൃപ്തി വ്യക്തമാക്കിക്കൊണ്ട് വിക്രമാദിത്യ സിങ് പറഞ്ഞു.
കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഹിമാചലില്‍ പാര്‍ട്ടിയുടെ ആറ് എം.എല്‍.എ.മാരും പാര്‍ട്ടിയെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്തിരുന്നു. ഇതോടെ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്വി തോറ്റു.
ഇതിന് പിന്നാലെ ബി.ജെ.പി എം.എല്‍.എമാര്‍ സുഖു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു. തൊട്ടുപിന്നാലെയാണ് മന്ത്രി വിക്രമാദിത്യ സിങ് രാജിവെച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിങ്ങും മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കമാന്‍ഡ് സുഖുവിനെ മുഖ്യമന്ത്രിയാകുകയായിരുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പ് ബി.ജെ.പി അവസരമാക്കി മാറ്റിയപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പിന് സ്വന്തം പാളയത്തില്‍ ഉരുണ്ടുകൂടുന്ന പ്രതിസന്ധി തിരിച്ചറിയാനായില്ല. കോണ്‍ഗ്രസില്‍ നിന്ന് ഹര്‍ഷ മഹാജനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. അഭിഷേക് മനു സിങ് വിയെ നിര്‍ത്തുന്നതില്‍ ഹിമാചല്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായ എതിര്‍പ്പ് അവഗണിച്ചതും കോണ്‍ഗ്രസിന് വിനയായി.
സര്‍ക്കാര്‍ നിലംപൊത്തുമോ അതോ സുഖുവിനെ മാറ്റി പ്രതിഭ സിങ്ങിനെയോ വിക്രമാദിത്യ സിങ്ങിനെയോ മുഖ്യമന്ത്രിയാക്കി സമവായ ഫോര്‍മുല ഉണ്ടാകുമോ എന്ന് മാത്രമേ അറിയാനുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെയാണ് ഉത്തരേന്ത്യയില്‍ ഭരണമുണ്ടായിരുന്ന ഏക സംസ്ഥാനവും കോണ്‍ഗ്രസിന് നഷ്ടമാകുന്ന സാഹചര്യമുണ്ടായിരിക്കുന്നത്.
ഹിമാചലില്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനേയും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയേയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുണ്ട്.
അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂര്‍ ഉള്‍പ്പടെയുള്ള 14 ബി.ജെ.പി എം.എല്‍.എമാരെ നിയമസഭയില്‍ നിന്ന് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. സ്പീക്കറുടെ ചേംബറില്‍ മുദ്രവാക്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാരോപിച്ചാണ് നടപടി.