ചെങ്ങോത്ത് യുവാവിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം കുത്തി കൊല്ലാൻ ശ്രമം

കേളകം: ചെങ്ങോം റോഡിൽ യുവാവിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം കത്രിക കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ചതായി പരാതി. നെടുംപുറംചാൽ സ്വദേശി കൊട്ടാരത്തിൽ ജയ്‌മോനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജയ്‌മോനെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു. നെടുപുറംചാൽ സ്വദേശി വരത്തനാംകുഴിയിൽ എബിനും സംഘവുമാണ് വധശ്രമത്തിന് പിന്നിലെന്നാണ് പരാതി.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കേളകത്തു നിന്നും നെടുംപുറംചാൽ ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ജയ്‌മോനെയും സുഹൃത്തിനെയും കാറിൽ പിന്തുടർന്ന് നെടുപുറംചാൽ സ്വദേശി വരത്തനാംകുഴിയിൽ എബിനും സംഘവും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ജയ്‌മോന്റെ കഴുത്തിലും കയ്യിലും കത്രിക കൊണ്ട് കുത്തുകയായിരുന്നു.സംഭവത്തിൽ കേളകം പോലീസ് വധശ്രമത്തിന് കേസെടുത്തു.
മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് എബിൻ.2023 ജൂലായിൽ പോക്‌സോ കേസിൽ അറസ്റ്റിലായ എബിൻ ജാമ്യത്തിലിറങ്ങിയതാണ്.