തീം പാര്‍ക്കുകളുമായി ടൂറിസം വകുപ്പ്; നിലവിലുളള പാര്‍ക്കുകളെ തീമുകള്‍ക്കനുസരിച്ച് മാറ്റും
ഓരോ വിഭാഗത്തിനും യോജിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ വിവിധ പാര്‍ക്കുകളെ മാറ്റും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പാക്കുക. ജനങ്ങള്‍ കൂടുതല്‍ ഒത്തുകൂടുന്ന നഗരങ്ങളെയാകും തിരഞ്ഞെടുക്കുക. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലേക്ക് രണ്ടാം ഘട്ടത്തില്‍ വ്യാപിപ്പിക്കും.
തിരുവനന്തപുരം നഗരത്തിലെ ശ്രീചിത്ര പാര്‍ക്ക്, ശ്രീകണ്ഠേശ്വരം പാര്‍ക്ക്, നിയമസഭയ്ക്ക് സമീപത്തെ ഇ.എം.എസ്. പാര്‍ക്ക് എന്നിവയാണ് ആദ്യഘട്ടത്തില്‍ തീം അധിഷ്ഠിതമായി നവീകരിക്കുക. 2.5 കോടി രൂപ ചെലവിലാണ് നിര്‍മാണം. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല. മാര്‍ച്ചില്‍ പണി തുടങ്ങി സെപ്റ്റംബര്‍ മാസത്തോടെ തുറക്കാനാണ് പദ്ധതി. തിരഞ്ഞെടുപ്പ് കഴിഞ്ഞാകും മറ്റ് നഗരങ്ങളിലെ നിര്‍മാണ ജോലികള്‍ തുടങ്ങുക.
ആശയങ്ങളും ചര്‍ച്ചകള്‍ക്കുമായി പാര്‍ക്കുകള്‍
തിരുവനന്തപുരം നഗരത്തിലെ ഇ.എം.എസ്. പാര്‍ക്കാണ് വായനയെ സ്നേഹിക്കുന്നവര്‍ക്കായി മാറ്റുന്നത്. ചര്‍ച്ചകള്‍, വായനയെ പ്രോത്സാഹിപ്പിക്കുന്ന മറ്റ് പരിപാടികള്‍, സംവാദങ്ങള്‍ എന്നിവ സജ്ജമാക്കുന്ന ഇടമാക്കി ഇതിനെ മാറ്റും.
ഭിന്നശേഷി സൗഹൃദത്തിന് യോജിച്ച രീതിയിലാകും ശ്രീകണ്ഠേശ്വരം പാര്‍ക്ക് മാറ്റുക. ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ ഉപകരണങ്ങള്‍ ഇവിടെ ഒരുക്കും. അവര്‍ക്കുള്ള കളി ഉപകരണങ്ങളും ഇവിടെയുണ്ടാകും
പരമ്പരാഗത കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ ഒരിടം എന്ന രീതിയിലാണ് കിഴക്കേക്കോട്ട ശ്രീചിത്ര പാര്‍ക്കിനെ മാറ്റുക. കേരളത്തിലെ വിവിധ തരത്തിലുള്ള ഭക്ഷണം ഉള്‍പ്പെടുത്തി ഫുഡ് സ്ട്രീറ്റുകളുണ്ടാകും. എല്ലാത്തരത്തിലുമുള്ള ആളുകള്‍ക്ക് യോജിക്കുന്ന തരത്തിലാകും ഇവയെ മാറ്റുക.
തലസ്ഥാനത്തെ ഫെസ്റ്റിവല്‍ ഹബ്ബാക്കി
വൈവിധ്യമാര്‍ന്ന പരിപാടികള്‍ തലസ്ഥാനത്തെ ഫെസ്റ്റിവല്‍ ഹബ്ബാക്കി. സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകാനും വിപണിയെ സഹായിക്കാനും ഇത്തരം പദ്ധതികള്‍ സഹായിക്കും.
