അഴിമതിക്കാരായ ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

Share our post

കണ്ണൂർ : സിവിൽ സർവീസ് അഴിമതി മുക്തമാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാരിന്റെ കാലയളവിൽ 427 ഉദ്യോഗസ്ഥർക്കെതിരെയാണ് അഴിമതിക്കേസ് വന്നത്. ഇതിൽ 40 ശതമാനം പേരും റവന്യു, തദ്ദേശ വകുപ്പുകളിൽ നിന്നുള്ളവരാണ്. റവന്യു ദിനത്തിന്റെയും റവന്യു അവാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരായ പലരും ചിന്തിക്കുന്നതു തങ്ങൾ ചെയ്യുന്നത് ആരും കാണുന്നില്ല എന്നാണ്. അത്തരക്കാർ വിജിലൻസിന്റെ നിരീക്ഷണത്തിലാണെന്നു മുഖ്യമന്ത്രി ഓർമിപ്പിച്ചു.

മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു. റജിസ്ട്രേഷൻ, റവന്യു, സർവേ വകുപ്പിന്റെ പോർട്ടലുകൾ ചേർന്നുള്ള എന്റെ ഭൂമി ഇന്റഗ്രേറ്റഡ് പോർട്ടൽ ജൂൺ മാസത്തോടെ യാഥാർഥ്യമാകുമെന്നു മന്ത്രി പറഞ്ഞു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ മുസ്‌ലിഹ് മഠത്തിൽ, കെ.വി.സുമേഷ് എം.എൽ.എ, എം.വിജിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ഡപ്യൂട്ടി മേയർ കെ.ഇന്ദിര, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മിഷണർ ഡോ. എ.കൗശിഗൻ, സർവേ ഡയറക്ടർ സീറാം സാംബശിവ റാവു, കലക്ടർ അരുൺ കെ.വിജയൻ, അസി. കലക്ടർ അനൂപ് ഗാർഗ് എന്നിവർ പ്രസംഗിച്ചു.

മികച്ച കലക്ടർക്കുള്ള പുരസ്കാരം തിരുവനന്തപുരത്തെ ജെറോമിക് ജോർജും സബ് കലക്ടർക്കുള്ള പുരസ്കാരം തലശ്ശേരിയിലെ സന്ദീപ് കുമാറും മികച്ച ആർ.ഡി.ഒ പുരസ്കാരം പാലക്കാട്ടെ ഡി.അമൃതവല്ലിയും ഏറ്റുവാങ്ങി. മികച്ച കലക്ടറേറ്റിനുള്ള അവാർഡ് തിരുവനന്തപുരവും മികച്ച റവന്യു ഡിവിഷനൽ ഓഫിസിനുള്ള പുരസ്കാരം പാലക്കാടും സ്വീകരിച്ചു.

ഡപ്യൂട്ടി കലക്ടർമാർക്കുള്ള പുരസ്‌കാരം ആലപ്പുഴയിലെ എസ്.സന്തോഷ് കുമാർ, കോഴിക്കോട്ടെ പി.എൻ.പുരുഷോത്തമൻ, പാലക്കാട്ടെ സച്ചിൻ കൃഷ്ണൻ, എറണാകുളത്തെ ഉഷ ബിന്ദുമോൾ, തിരുവനന്തപുരത്തെ ജേക്കബ് സഞ്ജയ് ജോൺ, യു.ഷീജ ബീഗം എന്നിവർക്ക് ലഭിച്ചു. വിവിധ വിഭാഗം തഹസിൽദാർമാർക്കും സർവേ, ഭൂരേഖ വകുപ്പിലെ ഓഫിസുകൾക്കും ജീവനക്കാർക്കുമുള്ള അവാർഡുകളും ഇതോടൊപ്പം വിതരണം ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!