പാടത്തിറങ്ങാൻ കാര്‍ഷിക യന്ത്രങ്ങള്‍ ഒരുങ്ങുന്നു

കണ്ണൂർ: കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനായുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക യന്ത്രങ്ങള്‍ ഒരുങ്ങുന്നു. ജില്ല പഞ്ചായത്തും കൃഷിവകുപ്പും ചേർന്നാണ് ഗവേഷണ പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പുരോഗതി ജില്ല പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വിലയിരുത്തി. കാർഷിക രംഗത്ത് ആവശ്യത്തിന് സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഇല്ലാത്തതിനാൽ ജോലിഭാരം കൂടുതലും വിളവ് കുറവുമായത് കർഷകർക്ക് വെല്ലുവിളിയായിരുന്നു.
ഈ സാഹചര്യത്തിലാണ് ജില്ല പഞ്ചായത്തും കൃഷിവകുപ്പും പദ്ധതിയൊരുക്കിയത്. തലശ്ശേരി എൻജിനീയറിങ് കോളജ്, കുറുമാത്തൂര്‍ ഐ.ടി.ഐ എന്നീ കോളജുകള്‍ക്കാണ് യന്ത്രങ്ങള്‍ നിര്‍മിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കോളജുകള്‍ സമര്‍പ്പിച്ച യന്ത്രമാതൃകകളില് നിന്നാണ് ഈ രണ്ടു മാതൃകകള്‍ തിരഞ്ഞെടുത്തത്. കിഴങ്ങുവര്‍ഗങ്ങള്‍ കൃഷിചെയ്യാന്‍ ട്രാക്ടറില്‍ ഘടിപ്പിക്കാവുന്ന യന്ത്ര മാതൃകയാണ് കുറുമാത്തൂര്‍ ഐ.ടി.ഐ നിര്‍മിക്കുന്നത്.
ഡെയറി ഫാമുകളും മറ്റും വൃത്തിയാക്കുന്നതിനുള്ള ഓട്ടോമാറ്റിക് റോബോട്ടിക് യന്ത്രമാതൃക തലശ്ശേരി എൻജിനീയറിങ് കോളജും ഒരുക്കും. യന്ത്രം വികസിപ്പിക്കുന്നതിനും ഗവേഷണത്തിനുമായുള്ള ധനസഹായം ജില്ല പഞ്ചായത്താണ് നല്‍കുക. ജില്ല കൃഷി എൻജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക.
യന്ത്രം പ്രവര്‍ത്തനസജ്ജമാകുന്നതോടെ കര്‍ഷകര്‍ ഈ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, സ്ഥിരംസമിതി അധ്യക്ഷന്മാരായ വി.കെ. സുരേഷ് ബാബു, കെ.കെ. രത്നകുമാരി, യു.പി. ശോഭ, ടി. സരള, ജില്ല പഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുല്‍ ലത്തീഫ്, അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ സുധീര്‍ നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.